11 ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം വിഡി സതീശനെ കേരളത്തിലെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചർച്ചകൾക്കും നേതൃത്വ തർക്കങ്ങൾക്കും ഒടുവിലാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം.

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചർച്ചകൾക്കും നേതൃത്വ തർക്കങ്ങൾക്കും ഒടുവിലാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ 'ആരാണ് മുഖ്യമന്ത്രി?' എന്ന ചോദ്യമാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായിരുന്നത്. 11 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ ചർച്ചകൾക്ക് വിരാമമിട്ട് ഹൈക്കമാൻഡ് സതീശന്റെ പേരിൽ മുദ്രവെച്ചിരിക്കുകയാണ്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും അവസാനഘട്ട ചർച്ചകളിൽ സജീവമായിരുന്നെങ്കിലും ജനവികാരവും ഘടക കക്ഷികളുടെ നിലപാടും ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ നിര്‍ണായമായി. മുഖമന്ത്രി പദവി സ്വപ്നം കണ്ട കെ സി വേണുഗോപാലിനെയും, രമേശ് ചെന്നിത്തലയേയും രാഹുല്‍ ഗാന്ധി നേരിട്ട് അനുനയിപ്പിച്ച ശേഷമായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാനത്ത് അടക്കമുള്ള വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. 

ട്വിസ്റ്റുകള്‍ക്കൊടുവില്‍ സതീശന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി

ഇന്ന് രാവിലെ 8.50 ന് കെ സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് വിളിപ്പിച്ചതോടെയാണ് പ്രഖ്യാപനത്തിനുള്ള തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയത്. വി ഡി സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച കാര്യം മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചക്കിടെയാണ് കെ സി വേണുഗോപാലിനെ അറിയിച്ചത്. അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള നീക്കത്തില്‍ പ്രിയങ്ക ഗാന്ധിയും പങ്ക് ചേര്‍ന്നു. ഇന്നലെ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം അടിയന്തരമായി കേരളത്തിലേക്ക് പോകന്‍ നിരീക്ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുദ്ര വച്ച കവറില്‍ തീരുമാനം എഴുതി നല്‍കി നിയമസഭ കക്ഷി യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന സൂചനകളും പുറത്ത് വന്നു. എന്നാല്‍ ഇന്ന് രാവിലെ കാര്യങ്ങള്‍ മാറിമറിഞ്ഞൂ. 

നിരീക്ഷകര്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തി തല്‍ക്കാലം ദില്ലിയില്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കി. ഒരു മണിക്ക് സംസ്ഥാനത്ത് നിശ്ചയിച്ചിരുന്ന നിയമസഭ കക്ഷി യോഗം മാറ്റി വച്ചു. കെ സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി അനുനയിപ്പിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തലയെ വിളിച്ചു. തീരുമാനം വിശദീകരിച്ചപ്പോള്‍ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചു. ഇതിനിടെ നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കന്‍ മാധ്യമവിഭാഗം മേധാവി ജയറാം രമേശ്, എഐസിസി ജനസെക്രട്ടറി ദീപ ദാസ് മുന്‍ഷി എന്നിവര്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീട്ടിലെത്തി. ലീഗ് നേതൃത്വത്തെ വിളിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ വി ഡി സതീശന് അനുകൂലമായ തീരുമാനത്തില്‍ മാറ്റമുണ്ടോയെന്ന് ചോദിച്ചു. ലീഗിന്‍റേത് ഉറച്ച് നിലപാടെന്ന് മനസിലാക്കിയതോടെ ദില്ലിയില്‍ തന്നെ പ്രഖ്യാപനം നടത്താന്‍ എഐസിസി നിശ്ചയിക്കുകയായിരുന്നു. തീരുമാനം അംഗീകരിക്കുന്നുവെന്ന് പ്രഖ്യാപനത്തിന് മുന്‍പ് വേണുഗോപാല്‍ പരസ്യമായി പറഞ്ഞതോടെ ഹൈക്കമാന്‍ഡിനെ മുന്നിലെ തടസങ്ങള്‍ നീങ്ങി.

മൂന്ന് നേതാക്കളിലൂന്നിയുള്ള ചര്‍ച്ചയാണ് ഹൈക്കമാന്‍ഡ് തുടക്കത്തില്‍ നടത്തിയത്. എംഎല്‍എമാര്‍ക്കിടയിലുള്ള പിന്തുണ കെസി വേണുഗോപാലിന് മുന്‍തൂക്കം നല്‍കി. ജനവികാരം സതീശന് അനുകൂലമാണെന്നും കേരളത്തിലെ അന്തരീക്ഷം കലുഷിതമാകുന്നുവെന്ന് കണ്ടിട്ടും നേതൃത്വം നിലപാട് മാറ്റുന്നുവെന്ന സൂചന നല്‍കിയില്ല. പ്രശ്നങ്ങള്‍ വഷളാക്കി വലിയ ജയത്തിന്‍റെ അന്തരീക്ഷം കളഞ്ഞ് കുളിച്ച് ഒടുവില്‍ പ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും ഈ പത്ത് ദിവസത്തെ ന‍ാടകീയ നീക്കങ്ങളില്‍ കൈപൊള്ളിയിരിക്കുകയാണ്.

YouTube video player