പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ അഭിമുഖം  സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കിയത് മെറ്റക്ക് സംഭവിച്ച അബദ്ധമാണെന്നും അഭിമുഖത്തിലെ കമന്‍റുകള്‍ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെന്നും രത്തൻ ഖേൽക്കര്‍. അഭിമുഖത്തിന്‍റെ ഭാഗം റിസ്റ്റോര്‍ ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ അഭിമുഖം ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിലും ബിജെപി സീൽ വിവാദത്തിലുമടക്കം മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തൻ ഖേൽക്കര്‍. അഭിമുഖം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കിയത് മെറ്റക്ക് സംഭവിച്ച അബദ്ധമാണെന്നും അഭിമുഖത്തിലെ കമന്‍റുകള്‍ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു. കമന്‍റുകള്‍ പലതും മോശം ഭാഷയിലായിരുന്നു. അതിനാലാണ് പൊലീസ് ഇടപെട്ടത്. കമന്‍റുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിൽ വീഡിയോ തന്നെ നീക്കം ചെയ്ത സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. അഭിമുഖത്തിന്‍റെ ഭാഗം റിസ്റ്റോര്‍ ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അബദ്ധത്തിൽ സംഭവിച്ച കാര്യമാണത്. 

Add Asianetnews as a Preferred SourcegooglePreferred

പൊലീസിന് ഐടി ആക്ട് പ്രകാരം അധികാരം ഉണ്ട്. മെറ്റയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസാരിച്ചിട്ടുണ്ട്. പൊലീസ് നടപടികള്‍ അവര്‍ വിശദീകരിച്ചിട്ടുണ്ട്. നീക്കം ചെയ്ത വീഡിയോകളുടെ കൃത്യമായ കണക്ക് ഇപ്പോഴില്ല.സൈബർ പൊലീസിങ് നടക്കുന്നുണ്ട്.പൊലീസ് നടപടിയിൽ പരാതിയുണ്ടെങ്കിൽ പരിഹരിക്കാൻ സംവിധാനമുണ്ടെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു.ചട്ടങ്ങൾ പ്രകാരമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റ ചട്ട ലംഘനം ഉണ്ടെങ്കിൽ പൊലീസിന് ഇടപെടാം. പ്രത്യേക നിര്‍ദേശം ഇതുമായി ബന്ധപ്പെട്ട് കമ്മീഷൻ നൽകിയിട്ടില്ലെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു.

സീൽ വിവാദത്തിൽ കൃത്യമായ സമയത്ത് കാര്യങ്ങള്‍ പറയും

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കത്തിൽ ബി.ജെ.പിയുടെ സീൽ പതിച്ച സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും ആവശ്യമായ സമയത്ത് എല്ലാ കാര്യങ്ങളും പറയുമെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം തുടര്‍ നടപടി സ്വീകരിക്കും. സീൽ എങ്ങനെ വന്നുവെന്ന് പിന്നീട് വ്യക്തമാക്കാം. അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. കൃത്യസമയത്ത് കൂടുതൽ വിശദീകരണം നൽകും. ദൂരദര്‍ശനും സിപിഐയും തമ്മിലുള്ള അഭിമുഖ വിവാദത്തിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതികരിച്ചു.വിശദമായ മാർഗനിർദ്ദേശങ്ങൾ കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയിരുന്നുവെന്നും പരാതി ഉണ്ടെങ്കിൽ പരിശോധിക്കാമെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു.

എക്സിൽ നിന്നുള്ള പോസ്റ്റ് നീക്കം ചെയ്യലിൽ എക്സ് കമ്പനി സഹകരിക്കുന്നുണ്ട്. അവരുടെ സര്‍വീസ് റൂൽ പാലിച്ചാണ് അവര്‍ ചെയ്യുന്നത്. സഹകരണം കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വശ്യപ്പെടുന്ന ഓരോ കാര്യങ്ങളും അവർ പരിശോധിച്ചാണ് നടപടി എടുക്കുന്നത്. പൊതുവായ ധാരണയ്ക്കായി കേന്ദ്ര കമ്മീഷനെയും ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുണ്ട് . മറ്റ് രാഷ്ട്രീയ നേതാക്കളുടെ അഭിമുഖത്തിൽ മോശം കമന്റുകൾ വന്നിട്ടും നീക്കം ചെയ്യുന്നില്ലല്ലോ എന്ന് ചോദ്യത്തോട് പരിശോധിക്കാമെന്നായിരുന്നു രത്തൻ ഖേൽക്കറുടെ മറുപടി. ബി ഗോപാലകൃഷ്ണനെതിരായ കേസിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിച്ചിട്ടുണ്ട്. യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിൽ തുടര്‍ നടപടിയുണ്ടാകുമെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു.

YouTube video player