എല്ലാവരേയും കേട്ടും ഒരുമിച്ചു നിർത്തിയും മുന്നോട്ട് പോകാനാണ് ശ്രമമെന്ന് ചെന്നിത്തലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശൻ പറഞ്ഞു. അപമാനിച്ചതായി മുതി‍ർന്ന നേതാക്കൾക്ക് പരിഭവം ഉണ്ടെങ്കിൽ അതു പരിഹരിക്കാനാണ് താൻ എത്തിയത്.

ഹരിപ്പാട്: കോൺ​ഗ്രസിലെ അഭ്യന്തര കലാപത്തിന് താത്കാലിക ശമനം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നേരിൽ കണ്ട് നടത്തിയ ച‍ർച്ചകൾക്കൊടുവിലാണ് പാർട്ടിയിൽ താത്കാലിക വെടിനിർത്തലുണ്ടായത്. രാവിലെ തിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തിയ വിഡി സതീശൻ വൈകിട്ട് ഹരിപ്പാട്ടെ വീട്ടിലെത്തി ചെന്നിത്തലയേയും കണ്ടു. 

എല്ലാവരേയും കേട്ടും ഒരുമിച്ചു നിർത്തിയും മുന്നോട്ട് പോകാനാണ് ശ്രമമെന്ന് ചെന്നിത്തലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശൻ പറഞ്ഞു. അപമാനിച്ചതായി മുതി‍ർന്ന നേതാക്കൾക്ക് പരിഭവം ഉണ്ടെങ്കിൽ അതു പരിഹരിക്കാനാണ് താൻ എത്തിയത്. മുതിർന്ന നേതാക്കളെ അപമാനിക്കുന്നില്ല. അവരെ ഒപ്പം നി‍ർത്തും പാർട്ടിയുടെ നല്ല ഭാവിക്കായി കൂടുതൽ ചർച്ചകൾ നടത്തും. യുഡിഎഫിനെ കരുത്തുറ്റതാക്കാർ എല്ലാ നേതാക്കളുടെയും പിന്തുണ വേണം. കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

ആശയ വിനിമയത്തിലുണ്ടായ ചില പാളിച്ചകളാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ കഴിയില്ല. പ്രശ്നങ്ങൾ ഉണ്ട് .
സംഘടനയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. തുടർച്ചയായുള്ള ചർച്ചകൾ അഭിപ്രായ സമന്വയത്തിൽ എത്തിക്കുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. സതീശനുമായി സഹകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ടും ചർച്ചകളുണ്ടാകും. ഉമ്മൻചാണ്ടിയും താനും ഉന്നയിച്ച പ്രശ്നങ്ങളിൽ ചർച്ചയ്ക്ക് തയ്യാറായത് നല്ലതാണെന്നും കൂടുതൽ ച‍ർച്ചകൾ നടക്കട്ടേയെന്നും പറഞ്ഞ ചെന്നിത്തല നാളെ നടക്കുന്ന യുഡിഎഫ് യോ​ഗത്തിൽ താൻ പങ്കെടുക്കുമെന്നും അറിയിച്ചു.

വിഡി സതീശൻ - 

ചില പ്രശ്നങ്ങളുണ്ടായി അതുപരിഹരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ചെന്നിത്തലയെ കണ്ടത്. പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും അതിനായി സജീവമായി ഇടപെടുമെന്നും നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. അതിൻ്റെ ഭാഗമായിട്ടാണ് ഈ സന്ദർശനം. മുതിർന്ന നേതാക്കളെ അപമാനിക്കുകയോ മാറ്റി നിർത്തുകയോ ചെയ്യില്ല. അങ്ങനെയൊരു വിഷമം അവർക്കുണ്ടെങ്കിൽ അതു പരിഹരിച്ച് മുന്നോട്ട് പോകണം. ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും സംസാരിച്ചു കഴിഞ്ഞപ്പോൾ പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകാാനവും എന്ന ആത്മവിശ്വാസം എനിക്കുണ്ട്. കോൺ​ഗ്രസ് പുനസംഘടനയുടെ ഒന്നാം ഘട്ടത്തിലാണിപ്പോൾ. ഡിസിസി പുനസംഘടന കഴിഞ്ഞ് കെപിസിസിയിലെ പുനസംഘടനയാണ് ഇനി വരാനുള്ളത്. കോൺ​ഗ്രസ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിൽ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി നിൽക്കുമെന്നാണ് പ്രതീക്ഷ. 

കോൺ​ഗ്രസിനെ പിന്തുണയ്ക്കുന്ന വലിയൊരു ജനവിഭാ​ഗം കേരളത്തിലുണ്ട്. അവരുടെ സ്വപ്നം സാക്ഷാത്കരിക്കും. ആശയവിനിമയത്തിലെ പ്രശ്നങ്ങളാണ് പരിഹാരിക്കാനാണ് ഈ കൂടിക്കാഴ്ചകൾ. ഇരുട്ടു കൊണ്ട് ഓടയടയ്ക്കാനാവില്ല. പ്രശ്നമുണ്ട് എന്ന് തുറന്നു സമ്മതിക്കുന്നു. ച‍ർച്ചകളിലൂടെ അതു പരിഹരിക്കും. കഴിഞ്ഞത് കീറിമുറിക്കാനുള്ള പോസ്റ്റ് മോർട്ടമല്ല ഇവിടെ നടക്കുന്നത്. തുടർച്ചയായ ച‍ർച്ചകൾ നടക്കും. എല്ലാവരേയും പൂർണവിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും. കുടുംബത്തിലുണ്ടാവുന്ന പരിഭവം തീ‍ർക്കുന്നതാണ് ഇവിടെ നടന്നത്. എല്ലാവരേയും ചേർത്തു പിടിച്ചു കൊണ്ടു പോകണം എന്ന നിർദേശമാണ് എപ്പോഴും ഹൈക്കമാൻഡ് ഞങ്ങൾക്ക് നൽകിയിട്ടുള്ളത്. 

രമേശ് ചെന്നിത്തല -

ചർച്ചകൾക്ക് സതീശൻ മുൻകൈയ്യെടുത്തത് നല്ല കാര്യമാണ്. ഉമ്മൻചാണ്ടിയും ഞാനും ചില കാര്യങ്ങൾ ഉന്നയിച്ചു അക്കാര്യം ച‍ർച്ച ചെയ്യാൻ സതീശൻ തയ്യാറായത് നല്ല കാര്യം. നാളെത്തെ യുഡിഎഫ് യോ​ഗത്തിൽ ഞാൻ പങ്കെടുക്കും.