എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി ലൈംഗിക പീഡന പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു. വാട്ട്സപ്പ് ചാറ്റുകളും ഓഡിയോ സംഭാഷണങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ കൈമാറിയ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. 

പാലക്കാട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണ ജോര്‍ജ്. 'പ്രിയപ്പെട്ട സഹോദരി തളരരുത്... കേരളം നിനക്കൊപ്പം...' എന്നായിരുന്നു വീണ ജോര്‍ജ് കുറിച്ചത്. പരാതി നൽകിയാൽ സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് വീണ ജോര്‍ജ് നേരത്തെയും പ്രതികരിച്ചിരുന്നു. പീഡന പരാതിയിൽ ഇരയ്ക്കൊപ്പം സര്‍ക്കാര്‍ നിലകൊള്ളുമെന്നും നിയമപരമായി എല്ലാ സഹായങ്ങളും പരാതിയുമായി മുന്നോട്ടുവന്നാൽ നൽകുമെന്നുമായിരുന്നു അവര്‍ നേരത്തെ അറിയിച്ചത്. അതേസമയം, നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയെന്ന വിവരമാണ് പുറത്തുവരുന്നത്. ഉച്ചയോടെ ആയിരുന്നു യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ പരാതി നൽകിയിരുന്നു. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്‌ എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന ആവശ്യപ്പെട്ടിരുന്നു.

ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും

മുഖ്യമന്ത്രിക്ക് യുവതി ലൈം​ഗിക പീഡന പരാതി നൽകിയതിന് പിന്നാലെ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം. ഏറെ നാളത്തെ ആരോപണങ്ങൾക്കിടെ ഇന്നാണ് വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകിയത്. നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.