മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലും കെ കെ മഹേശന്‍റെ മരണത്തിലും ഉയരുന്ന ആരോപണങ്ങളെ തള്ളി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ 30 കൊല്ലമായി വി എം സുധീരൻ തന്നെ വേട്ടയാടുകയാണെന്നും, സിബിഐയും സുപ്രീം കോടതിയും പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു
ദില്ലി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലും കെ കെ മഹേശന്‍റെ മരണത്തിലും ഉയരുന്ന ആരോപണങ്ങളിലും കേസിലും അധിക്ഷേപങ്ങളോടെ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ. തന്നെ വേട്ടയാടാൻ ചില 'പുല്ലന്മാർ' ഒട്ടനവധി തവണ ശ്രമിച്ചിട്ടും ഒന്നും നടന്നില്ല. സി ബി ഐയും സുപ്രീം കോടതിയും വരെ പല കാര്യങ്ങളും പരിശോധിച്ചതാണ്. സി ബി ഐ തന്റെ വീടിന്റെ കോമ്പൗണ്ടിൽ പോലും കയറിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ശിക്ഷിക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. സമുദായത്തിൽ തന്നെയുള്ള കുലംകുത്തികളാണ് തനിക്കെതിരെ പ്രവർത്തിക്കുന്നതെന്നും തന്നെ ചൊറിയാൻ വരുന്നത് തനിക്ക് ഇഷ്ടമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് വി എം സുധീരനെതിരെ കടുത്ത ഭാഷയിലാണ് വെള്ളാപ്പള്ളി അധിക്ഷേപം ചൊരിഞ്ഞത്. കഴിഞ്ഞ 30 കൊല്ലമായി സുധീരൻ എന്നെ വേട്ടയാടുകയാണ്. എന്നാൽ ഇന്ന് കട്ടപ്പുറത്തിരിക്കുന്ന ഓടാത്ത വണ്ടിയാണ് സുധീരൻ. ആലപ്പുഴയിൽ നിന്നും സുധീരനെ കെട്ടുകെട്ടിച്ചതിൽ തനിക്കും പങ്കുണ്ട്. അവിടെ മത്സരിച്ച് സുധീരൻ തോറ്റുതുന്നംപാടിയെന്നും വെള്ളാപ്പള്ളി വിവരിച്ചു.
ഭരണം മാറിയപ്പോൾ സുധീരൻ വീണ്ടും പണി തുടങ്ങി
മാൻഹോളിൽ വീണ് ഒരു മുസ്ലിം മരിച്ചപ്പോൾ 25 ലക്ഷം രൂപ നൽകിയതുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിലും വെള്ളാപ്പള്ളി ഇന്നും അഭിപ്രായം രേഖപ്പെടുത്തി. സമാന സാഹചര്യത്തിൽ മുസ്ലിങ്ങളല്ലാത്ത മറ്റ് രണ്ടുപേർ മരിച്ചപ്പോൾ എന്ത് നൽകിയെന്ന് താൻ ചോദിച്ചിരുന്നു. തുല്യനീതി വേണമെന്ന് പറയുമ്പോൾ തന്നെ ജാതിവാദിയാക്കുകയാണ്. ഇതിന്റെ പേരിൽ തന്നെ അകത്തിടുമെന്ന് പറഞ്ഞ് അന്നും ഇന്നും സുധീരൻ പണിയാൻ നോക്കുന്നുണ്ടെന്നും ഇപ്പോഴത്തെ പുതിയ ഭരണം വന്നപ്പോഴാണ് സുധീരൻ വീണ്ടും പണി തുടങ്ങിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അന്തരിച്ച കെ കെ മഹേശൻ ഒരു ഗതിയും പരഗതിയും ഇല്ലാതിരുന്നവനായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. തനിക്ക് പാർലമെന്ററി മോഹങ്ങളില്ലെന്നും ഒരു പാർട്ടിയുടെയും വാലും ചൂലുമല്ല താനെന്നും ഒരു പ്രസ്ഥാനത്തോടും വിധേയത്വമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. താൻ ഒരു ഒറ്റയാൾ പട്ടാളമാണ്. വരുന്ന രണ്ട് മാസം കഴിഞ്ഞാൽ തനിക്ക് 90 വയസ്സ് തികയും. താൻ മൈനറല്ല, ഇനിയും ജനവിധി നേരിട്ടാൽ ജയിച്ചു കാണിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തനിക്ക് ലഭിച്ച പത്മഭൂഷൺ ബഹുമതി വ്യക്തിപരമായ നേട്ടമല്ലെന്നും അത് എസ് എൻ ഡി പി എന്ന സംഘടനയ്ക്കുള്ള അംഗീകാരമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. വിവാദങ്ങൾക്ക് പിന്നാലെ പത്മഭൂഷൺ തിരിച്ചുനൽകണമെന്ന ആവശ്യങ്ങളോടാണ് വെള്ളാപ്പള്ളി ഇങ്ങനെ പ്രതികരിച്ചത്. സമുദായത്തെ സാമ്പത്തികമായി ഉയർത്താനാണ് താൻ എക്കാലത്തും ശ്രമിച്ചതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
