തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആരോപണം തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്തെത്തി. ഐഎംഎ എതിർത്തിട്ടും ഭക്തർക്ക് വേണ്ടി ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ പിടിവാശി കാണിക്കുന്നെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണൻ ആരോപിച്ചു.

ദേവസ്വം ബോർ‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ധൃതിപിടിച്ച് തുറക്കുന്നത് സർക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധി മറകടക്കാനാണെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തിയിരുന്നു. പരിവാർ സംഘടനകളുടെ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും ഹിന്ദു ഐക്യവേദി അറിയിച്ചു. തൊട്ടുപിന്നാലെ ഈ ആരോപണം തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് രംഗത്തെത്തി. സർക്കാറിന് വരുമാനം ഉണ്ടാക്കാനാണ് ക്ഷേത്രം തുറക്കുന്നതെന്ന ആക്ഷേപത്തിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് എൻ വാസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭക്തരുടെ ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം. ക്ഷേത്രങ്ങളിലെ വരുമാനം സർക്കാർ കൊണ്ടുപോകുന്നുവെന്നത് തെറ്റായ ആരോപണമാണെന്നും വാസു പറഞ്ഞു.

ക്ഷേത്രപ്രവേശനം ഭക്തരോ ക്ഷേത്രസമിതികളോ ആവശ്യപ്പെട്ടിട്ടില്ലെന്ന് അഡ്വ ബി ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ക്ഷേത്രം തുറക്കുന്നത് ആരോടുള്ള താൽപ്പര്യമാണ്? എന്തിനോടുള്ള ഏർപ്പാട് എന്ന് സർക്കാർ വ്യക്തമാക്കണം. ഹിന്ദു സംസ്ക്കാരമനുസരിച്ച് ഈശ്വരൻ തൂണിലും തുരുമ്പിലുമുണ്ട് , ഈശ്വരപ്രാർത്ഥന വ്യക്തിപരമാണ്. സമൂഹ കൂട്ട പ്രാർത്ഥന ക്ഷേത്രങ്ങളിൽ ഹൈന്ദവ ആചാരപ്രകാരം ഇല്ല. ഗുരുവായൂരും ശബരിമലയും പോലെ സമ്പാദ്യം ഉള്ള ക്ഷേത്രങ്ങളിൽ നിന്ന് കഷ്ടപ്പെടുന്ന ക്ഷേത്രങ്ങളെ സഹായിക്കണം. അല്ലാതെ കയ്യിട്ട് വാരി സർക്കാർ ഫണ്ടിലേക്ക് മാറ്റുകയല്ല വേണ്ടത്. ദേവസ്വം അധികാരികൾക്ക് ശമ്പളവും കിമ്പളവും കിട്ടാനും നേടാനുമുള്ള ധൃതിയാണ് ദേവസ്വങ്ങളുടെ താത്പര്യം. തബ്‌ലീഗിനെ പോലെ ഹിന്ദു ആരാധനാലയങ്ങളെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ഹിഡൻ അജണ്ട സർക്കാർ ഉത്തരവിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബിജെപി നേതാവ് കുറ്റപ്പെടുചത്തി..

നിയന്ത്രണങ്ങളോട് ആരാധനാലയങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഭക്തരെ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഒരുക്കങ്ങളും തുടങ്ങി. ഇതിനിടെയാണ് ഹിന്ദു സംഘടനകൾ സർക്കാറിനെതിരെ രംഗത്ത് വന്നത്.

സാമ്പത്തികമായി പരാധീനതയിലുള്ള ചില പ്രൈവറ്റ് ക്ഷേത്രഭാരവാഹികൾ മാത്രമാണ് ഭക്തരെ പ്രവേശിപ്പികാൻ അനുമതി തേടിയത്. ഇക്കാര്യം ചർച്ച ചെയ്യാനുള്ള യോഗത്തിലേക്ക് സർക്കാർ ഹിന്ദു സംഘടനാ നേതാക്കളെ വിളിച്ചില്ല. എൻഎസ്എസ്, എസ്.എൻഡിപി എന്നിവരെയും ഒഴിവാക്കിയെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി.

ആരാധനാലയങ്ങൾ തുറക്കാനിരിക്കെ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഒരുക്കവും തുടങ്ങി. ഗുരുവായൂർ ക്ഷേത്രവും പരിസരവും അഗ്നി ശമനസേന അണു വിമുക്തമാക്കി. നാളെ രാവിലെ 9.30 മുതൽ 1.30 വരെയാണ് ക്ഷേത്രത്തിൽ ദർശനം അനുവദിക്കുക. ഓൺലൈനായി ബുക് ചെയ്തവർക്കാണ് പ്രവേശനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ഷേത്ര ദർശനമെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി. വിശ്വാസികൾ ബാഗുകൾ ചെരുപ്പുകൾ തുടങ്ങിയവ കൊണ്ടുവരുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.