കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വടകരയില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഓര്‍ക്കാട്ടേരി ടൗണില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസാണ് തടഞ്ഞത്. ഇതോടെ ബസ് ഡ്രൈവറും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സ്ഥലത്തെത്തിയ പൊലീസ് ബസ് തടഞ്ഞവര്‍ക്കെതിരെ ആദ്യം നടപടിയെടുത്തില്ല. ഒടുവില്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പൊലീസ്  നാലുപേരെ അറസ്റ്റ് ചെയ്തു.

കുറ്റ്യാടി വടകര റൂട്ടില്‍ സര്‍വീസ് നടത്തിയ കാമിയോ എന്ന സ്വകാര്യ ബസാണ് ഓര്‍ക്കാട്ടേരിക്കു സമീപം വച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. സര്‍വീസ് നിര്‍ത്താന്‍ സമരക്കാര്‍ ആദ്യം ശാന്തമായും പിന്നീട് ഭീഷണി സ്വരത്തിലും ആവശ്യപ്പെട്ടു. ബസില്‍ യാത്രക്കാരുണ്ടെന്നും എന്തുവന്നാലും സര്‍വീസ് അവസാനിപ്പിക്കില്ലെന്നും ഡ്രൈവര്‍ സന്ദീപ് വ്യക്തമാക്കി.

തര്‍ക്കം രൂക്ഷമായതോടെ എടച്ചേരി പൊലീസ് സ്ഥലത്തെത്തി. പൊലീസിന്‍റെ സാന്നിധ്യത്തിലും സമരക്കാര്‍ ഭീഷണി തുടര്‍ന്നു. ബസ് തട‍ഞ്ഞാല്‍ കര്‍ശന നടപടിയെന്ന ഡിജിപിയുടെ നിര്‍ദ്ദേശമെല്ലാം മറന്ന പൊലീസ് ഇരു കൂട്ടരെയും ശാന്തരാക്കി മടങ്ങി. എന്നാല്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പൊലീസ്  നടപടിയിലേക്ക് നീങ്ങുകയായിരുന്നു. ബസ് തടഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകരായ ജലീല്‍, അബ്ദുള്‍ നക്കീബ്, സ്വാലിഹ്, നൗഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗതാഗത തടസം, ന്യായവിരുദ്ധമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.