സ്വയം തൊഴില്‍ സംരംഭത്തിനായി കള്ള സത്യവാങ്മൂലം നൽകി പണം തട്ടിയെന്ന പരാതിലാണ് സജി മഞ്ഞക്കടമ്പനെതിരെ കേസെടുത്തത്. സജിയുടെ ഭാര്യ, മൂന്ന് ബന്ധുക്കൾ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.  

കോട്ടയം: യൂത്ത്‌ ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പനെതിരെ കോട്ടയം വിജിലൻസ് കേസെടുത്തു. സ്വയം തൊഴില്‍ സംരംഭത്തിനായി കള്ള സത്യവാങ്മൂലം നൽകി പണം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്. സി പി എം പ്രവർത്തകനായ പാല സ്വദേശി ബിൻസ് ജോസഫാണ് കോട്ടയം വിജിലൻസ് കോടതിയിൽ പരാതി നൽകിയത്. 

ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ കെ എഫ് സിയിൽ നിന്ന് കള്ളസത്യവാങ്മൂലം നല്കി വായ്പ സജി മഞ്ഞക്കടമ്പൻ സ്വന്തമാക്കിയെന്നാണ് പരാതി. സജിയ്ക്ക് പുറമെ സജിയുടെ ഭാര്യ, മൂന്ന് ബന്ധുക്കൾ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സജിയുടെ ഭാര്യക്ക് ജോലി ഉണ്ടായിട്ടും ഇല്ലെന്ന് സത്യവാങ്മൂലം നൽകിയെന്നും അർഹരായവരെ തഴ‌ഞ്ഞ് സ്വാധീനം ഉപയോഗിച്ച് 17 ലക്ഷം രൂപ വായ്പ നേടിയെന്നും സിപിഎം പ്രവർത്തകനായ ബിൻസ് ജോസഫ് നൽകിയ പരാതിയിൽ പറയുന്നുണ്ട്. 

എന്നാൽ വായ്പക്ക് അപേക്ഷിക്കുമ്പോൾ ഭാര്യക്ക് ജോലി ഇല്ലായിരുന്നാണ് സജി മഞ്ഞക്കടമ്പന്‍റെ പ്രതികരണം. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും സജി മഞ്ഞകടമ്പൻ പറഞ്ഞു. നേരത്തെ സമാനമായ പരാതി കോട്ടയം വിജിലൻസിൽ ലഭിക്കുകയും അന്വേഷണം നടത്തി ക്രമക്കേട് നടന്നിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് പരാതിക്കാരൻ വിജിലൻസ് കോടതിയെ നേരിട്ട് സമീപിച്ചു. പരാതി ഫയലിൽ സ്വീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് 16 തിയതിയിലേക്ക് മാറ്റിവെച്ചു.