കുന്നംകുളം മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ അക്കൗണ്ടിലെത്തിയത് 21 ലക്ഷത്തിലധികം രൂപയെന്നും കണ്ടെത്തി.
തിരുവനന്തപുരം: ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ തദ്ദേശ സ്ഥാപനങ്ങളിൽ വൻ അഴിമതി നടന്നതായി കണ്ടെത്തി. കെട്ടിട നിർമ്മാണ പെർമിറ്റ് നൽകാൻ കോൺട്രാക്‌ടർമാരിൽ നിന്നും വിവിധ ഏജൻസികളിൽ നിന്നും ഉദ്യോഗസ്ഥർ പണംവാങ്ങുന്നുവെന്നാണ് കണ്ടെത്തിയത്. 30 ഉദ്യോഗസ്ഥർ ഓൺലൈനായി 45 ലക്ഷം വാങ്ങിയതിൻ്റെ തെളിവ് ലഭിച്ചു. കുന്നംകുളം മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ അക്കൗണ്ടിലെത്തിയത് 21 ലക്ഷത്തിലധികം രൂപയെന്നും കണ്ടെത്തി.
‘പ്രോജക്ട് സീറോ’ യുടെ ഭാഗമായാണ് 'ഓപ്പറേഷൻ പാർപ്പിടം' എന്ന പേരിൽ കെട്ടിട നിർമ്മാണ അനുമതിയിലും അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്കരണത്തിലുള്ള അഴിമതിയും ക്രമക്കേടുകളും കണ്ടെത്താൻ വിജിലൻസ് സംസ്ഥാനതല മിന്നൽ പരിശോധന നടത്തിയത്. സ്ഥാനത്തെ തദ്ദേശ സ്വയം-ഭരണ സ്ഥാപനങ്ങളിൽ കെട്ടിട നിർമ്മാണ അനുമതി, ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെട്ടിട നമ്പർ അനുവദിക്കൽ, കെട്ടിട നികുതി നിർണയം, അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്കരണം എന്നിവയുമായി ബന്ധപ്പെട്ട് ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി വിജിലൻസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ 6 മുനിസിപ്പൽ കോർപ്പറേഷനുകളിലും, തിരഞ്ഞെടുക്കപ്പെട്ട 30 മുനിസിപ്പാലിറ്റികളിലും, 24 ഗ്രാമപഞ്ചായത്തുകളിലുമായി 68 ഓഫീസുകളിലാണ് മിന്നൽ പരിശോധന നടത്തിയത്.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 30 ഉദ്യോഗസ്ഥർ, കെട്ടിട നിർമ്മാണാനുമതിക്കും കെട്ടിട പ്ലാനുകൾ തയ്യാറാക്കി സമർപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന വിവിധ സ്വകാര്യ കൺസൾട്ടൻസി സ്ഥാപനങ്ങൾ, എൻജിനീയർമാർ, ആർക്കിടെക്ടുമാർ, കോൺട്രാക്ടർമാർ, ഏജന്റുമാർ തുടങ്ങിയവരിൽ നിന്ന് 45 ലക്ഷത്തോളം രൂപ അനധികൃതമായി കൈപ്പറ്റിയതായി വിജിലൻസ് പ്രാഥമികമായി കണ്ടെത്തി. തൃശൂർ ജില്ലയിലെ കുന്നംകുളം മുനിസിപ്പാലിറ്റിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ മുനിസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിൽ പല ഇടനിലക്കാർ മുഖേന കോൺട്രാക്ടർമാരും ലൈസൻസികളും അയച്ച് നൽകിയതായി സംശയിക്കുന്ന 21,50,000 രൂപ കഴിഞ്ഞ 1 വർഷത്തിനിടയ്ക്ക് ഓൺലൈൻ ട്രാൻസാക്ഷൻ വഴി ലഭിച്ചതും കൊച്ചിൻ കോർപ്പറേഷന്റെ ഫോർട്ട് കൊച്ചി സോണൽ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് അസിസ്റ്റൻ്റ് എൻജിനീയർമാരും ഒരു ഓവർസീയറും ഒരു ബിൽഡിംഗ് ഇൻസ്പെക്ടറും കോൺട്രാക്ടർമാരിൽ നിന്നും 12,69,000 രൂപ ഓൺലൈൻ ട്രാൻസാക്ഷൻ മുഖേന കൈപ്പറ്റിയതും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
തിരുവനന്തപുരം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ഒരു ഓവർസീയർ 1,37,000 രൂപ കോൺട്രാക്ടർമാരുടെ പക്കൽ നിന്നും കൈപ്പറ്റിയതും, വർക്കല മുനിസിപ്പാലിറ്റിയിലെ ഒരു താൽക്കാലിക ഓവർസീയർ 2,03,000 രൂപ പല തവണയായി ഒരു കൺസൾട്ടൻസി സ്ഥാപനയുടമയിൽ നിന്നും അക്കൗണ്ട് മുഖേനേ കൈപ്പറ്റിയതും കണ്ടെത്തി.
