Asianet News MalayalamAsianet News Malayalam

'ആദ്യം സുധാകരനെയും തന്നെയും, ഇപ്പോൾ കുഴൽനാടനെ...'; പിണറായിയുടെ നെറികെട്ട രാഷ്ട്രീയ തന്ത്രമെന്ന് വി ഡി സതീശൻ

ലൈംഗികാരോപണ കേസിൽ കുടുക്കാൻ ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി വിജയനും കൂട്ടരും നടത്തിയ ക്രിമിനൽ ഗൂഡാലോചനയും ജനങ്ങൾക്ക് മുന്നിലുണ്ട്.

vigilance investigation against mathew kuzhalnadan VD Satheesan criticize Pinarayi political strategy btb
Author
First Published Sep 21, 2023, 4:06 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിന്‍റെ പേരിലാണ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നത്. കെ പി സി സി അധ്യക്ഷൻ കെ സുധാകരനെയും തന്നെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് സർക്കാർ മാത്യുവിനെതിരെ തിരിഞ്ഞിരിക്കുന്നത്.

ലൈംഗികാരോപണ കേസിൽ കുടുക്കാൻ ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി വിജയനും കൂട്ടരും നടത്തിയ ക്രിമിനൽ ഗൂഡാലോചനയും ജനങ്ങൾക്ക് മുന്നിലുണ്ട്. അഴിമതിയിൽ മുങ്ങിക്കുളിച്ച് പൊതു സമൂഹത്തിന് മുന്നിൽ നാണംകെട്ട് നിൽക്കുന്ന മുഖ്യമന്ത്രിയും  സർക്കാരും വിജിലൻസിനെയും പൊലീസിനെയും രാഷ്ട്രീയ ആയുധമാക്കി യു ഡി എഫ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ഭയപ്പെടുത്താൻ നോക്കേണ്ട. അധികാരത്തിന്‍റെ അഹങ്കാരത്തിൽ ചെയ്യുന്നതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന്  ഓർക്കണം.

സിപിഎം നേതാക്കളും സർക്കാരിന് വേണ്ടപ്പെട്ടവരും എന്ത് ചെയ്താലും സംരക്ഷണം നൽകുകയും ഭരണ നേതൃത്വത്തെ വിമർശിക്കുന്നവർക്കെതിരെ കള്ളക്കേസ് എടുക്കുകയും ചെയ്യുന്ന ഇരട്ടനീതിയാണ് പിണറായി വിജയന് കീഴിലുള്ള പൊലീസ് നടപ്പാക്കുന്നത്. അഴിമതിക്കെതിരെ ശബ്‍ദമുയർത്തിയതിന്‍റെ പേരിൽ മാത്യു കുഴൽനാടനെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം യുഡിഎഫും കോൺഗ്രസും രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും സതീശൻ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. 

മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഇന്നലെ  അനുമതിയായിരുന്നു. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലൻസിന് അനുമതി നൽകിയത്. വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി. ആഭ്യന്തര സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കുകയും ചെയ്തു. 

ലോകം ആദരിച്ച വിജയത്തിന്‍റെ കൊടുമുടിയിൽ; ഇന്ത്യയെ ത്രസിപ്പിച്ച പ്രതിഭകളുടെ ശമ്പളം ഇങ്ങനെ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios