കോട്ടയം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണ സംഘമായി. വിജിലൻസ് കോട്ടയം എസ് പി വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴ വിവാദം അന്വേഷിക്കുക. സ്വര്‍ണ്ണക്കടത്തിനൊപ്പം സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കിയ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയില്‍ പുറത്തുവന്നത് അടിമുടി ക്രമക്കേടുകളാണ്. റെഡ് ക്രസന്‍റും ലൈഫ് മിഷനും തമ്മിലാണ് ധാരണപത്രം ഒപ്പിട്ടതെങ്കിലും നിർമാണ കരാർ ഒപ്പിട്ടത് നിർമാണ കമ്പനിയായ യൂണിടാക്കും യുഎഇ കോൺസുലേറ്റും തമ്മിൽ നേരിട്ടാണ്. 

ഇതിനൊന്നും കേന്ദ്രസർക്കാരിന്‍റെ അനുമതി ഉണ്ടായിരുന്നില്ല.സ്വർണക്കടത്ത് കേസിലെ പത്രിയായ സ്വപ്ന സുരേഷ് ഇടപാടിലെ ഇടനിലക്കാരിയായിരുന്നുവെന്നും ഇതിന് പ്രതിഫലമായി സ്വപ്നയ്ക്ക് ഒരു കോടി രൂപ കമ്മീഷൻ നൽകിയെന്നും യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഒരു കോടി അല്ല നാലേകാൽ കോടി രൂപയാണ് സ്വപ്നയ്ക്ക് കോഴ കിട്ടിയതെന്ന് മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവായ ജോൺ ബ്രിട്ടാസ് വെളിപ്പെടുത്തി.

ധനമന്ത്രി തോമസ് ഐസക്കും ഇത് ശരിവച്ചു. എന്നാൽ ഈ എല്ലാ ഘട്ടത്തിലും സർക്കാരിന് ഇതിൽ ഒരു പങ്കുമില്ലെന്നും  ഇടപാട് മുഴുവൻ യൂണിടാക്കും റെഡ് ക്രസന്‍റും തമ്മിലാണെന്നും വാദമുയർത്തി കയ്യൊഴിയുകായിരുന്നു സർക്കാർ. അത്യന്തം ദുരൂഹമായ ഇടപാടുകളെങ്കിലും ആരോപണമുയരുമ്പോൾ പാവപ്പെട്ടവന് വീട് നൽകുന്ന പദ്ധതി തകർക്കാനുള്ള നീക്കമെന്ന് ആരോപിച്ച് പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു സർക്കാർ. ഒടുവിൽ കേന്ദ്ര ഏജൻസികളും ലൈഫ് മിഷൻ ഇടപാട് അന്വേഷിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.