വിദേശ മദ്യ ഔട്ട് ലെറ്റുകളിലെ ഉദ്യോഗസ്ഥർ ഉപഭോക്താക്കളിൽ നിന്നും യഥാർത്ഥ വിലയേക്കാൽ അധിക തുക ഈടാക്കുന്നു. സ്റ്റോക്കുണ്ടായിരുന്നാലും കമ്മീഷൻ കുറവ് ലഭിക്കുന്ന മദ്യങ്ങൾ സ്റ്റോക്കില്ലെന്ന് പറഞ്ഞ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. തുടങ്ങിയ നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിശോധന.


തിരുവനന്തപുരം: നിരവധി പരാതികളെ തുടര്‍ന്ന് സംസ്ഥാനത്തെ വിദേശ മദ്യ ഔട്ട് ലെറ്റുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. വിദേശ മദ്യ ഔട്ട് ലെറ്റുകളിലെ ഉദ്യോഗസ്ഥർ ഉപഭോക്താക്കളിൽ നിന്നും യഥാർത്ഥ വിലയേക്കാൽ അധിക തുക ഈടാക്കുന്നു. സ്റ്റോക്കുണ്ടായിരുന്നാലും കമ്മീഷൻ കുറവ് ലഭിക്കുന്ന മദ്യങ്ങൾ സ്റ്റോക്കില്ലെന്ന് പറഞ്ഞ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു. കമ്മീഷൻ കൂടുതൽ ലഭിക്കുന്ന മദ്യങ്ങൾ മാത്രം വില്പന നടത്തുന്നുവെന്ന് തുടങ്ങി വില കൂടിയ മദ്യ ബ്രാൻഡുകൾ പൊട്ടിയതായി കാണിച്ച് അവ കരിഞ്ചന്ത വഴി വില്പന നടത്തുന്നതായും വിദേശ മദ്യ ഔട്ട് ലെറ്റുകളെ കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. 

മാത്രമല്ല ക്യുവിൽ നിൽകാത്തവരിൽ നിന്നും കൈക്കൂലി വാങ്ങി ചില ഉദ്യോഗസ്ഥർ മദ്യം പുറത്തെത്തിച്ച് നൽകുന്നു. ചെറുകിട കച്ചവടക്കാർക്ക് കൂടുതൽ മദ്യം വിലക്ക് നൽകുന്നു. ബില്ലുകളിൽ തുക കൃത്യമായി വ്യക്തമാകാത്ത തരത്തിൽ പഴയ ടോണർ ഉപയോഗിച്ച് പ്രിൻറ് ചെയ്ത് ഉപഭോക്താക്കളിൽ നിന്നും കൂടുതൽ തുക ഈടാക്കുന്നു. 

മദ്യം പൊതിഞ്ഞ് നൽകാതെ പൊതിയുന്നതിനുള്ള തുക സർക്കാരിൽ നിന്നും എഴുതി എടുക്കുന്നതായും വിജിലൻസ് ഡയറക്ടർ അനിൽ കാന്ത് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് വൈകുന്നേരം മുതൽ ഒരേ സമയം സംസ്ഥാനത്തുടനീളമുള്ള കേരളാ സ്റ്റേറ്റ് ബിവറേജസ് കോർപറേഷന്‍റെയും കൺസ്യൂമർ ഫെഡിന്‍റെയും കീഴിലുള്ള വിദേശ മദ്യ ഔട്ട് ലെറ്റുകളിൽ വിജിലൻസ് വ്യാപക മിന്നൽ പരിശോധന നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളിലെയും ഉദ്യോഗസ്ഥർ മിന്നൽ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. മിന്നൽ പരിശോധനയിൽ കണ്ടെത്തുന്ന ക്രമക്കേടുകളിന്മേൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും വിജിലൻസ് ഡയറക്ടർ അനിൽകാന്ത് ഐപിഎസ് പറഞ്ഞു.