കോഴിക്കോട്: കക്കാടംപൊയിലിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ അനധികൃതമായി നിര്‍മിച്ച നാല് തടയണകള്‍ പൊളിച്ച് നീക്കണമെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് പൂഴ്ത്തി. ഇരുവഞ്ഞിപ്പുഴയിലേക്ക് എത്തുന്ന സ്വാഭാവിക നീരൊഴൊക്ക് തടസ്സപ്പെടുത്തുന്ന രീതിയിലാണ് തടയണകളുടെയും റോഡിന്‍റെയും നിര്‍മാണമെന്നും ഇത് പൊളിച്ച് കളയണമെന്നും കൂടരഞ്ഞി വില്ലേജ് ഓഫീസര്‍ എട്ടുമാസം മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

കക്കാടംപൊയില്‍ ജംഗ്ഷനില്‍ നിന്ന് നിലമ്പൂരിലേക്ക് പോകുന്ന റോഡില്‍ നിന്ന് ഇന്‍റര്‍ലോക്ക് പതിപ്പിച്ച ഈ സ്വകാര്യ റോഡ് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയാണ് നിര്‍മിച്ചത്. ഇത് പിവിആര്‍ നാച്വര്‍ റിസോര്‍ട്ടിലേക്കുള്ളതാണെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റോഡിന്‍റെ താഴ്ഭാഗത്തായാണ് നാല് തടയണകള്‍ ഒരനുമതിയുമില്ലാതെ കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ചിരിക്കുന്നത്. ഇരുവഞ്ഞിപ്പുഴയിലെത്തേണ്ട നീരുറവയുടെ ഒഴുക്കിന് തടസ്സമാകുന്ന രീതിയിലാണ് നിര്‍മാണം. തടയണയില്‍ നിന്ന് 150 മീറ്റര്‍ താഴെയാണ് കക്കാടംപൊയില്‍ സെന്‍റ്മേരീസ് സ്കൂള്‍.

കക്കാടംപൊയില്‍ പിവിആര്‍ റിസോര്‍ട്ടിലേക്കുള്ള സ്വകാര്യ റോഡിന്‍റെ അരികിലും തടയണയോട് ചേര്‍ന്നും പിവി അന്‍വറിന്‍റെ ഉടമസ്ഥതതയിലുള്ള 90 സെന്‍റ് സ്ഥലമുള്ളതായും വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് പറയുന്നു.