യുഎഇ സമയം നാല് മണിക്കാണ് സംസ്കാരം

ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ഇന്ന് നടക്കും. യുഎഇ സമയം നാല് മണിക്കാണ് സംസ്കാരം നടക്കുക. ദുബൈ ന്യൂ സോനാപൂരിലാണ് ചടങ്ങുകൾ.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ കോൺസുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കാനും തീരുമാനമായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കണമെന്ന ഭർത്താവിന്‍റെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിച്ചത്. തർക്കത്തിൽ പെട്ട് സംസ്കാരം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു തീരുമാനം.

സംസ്കാരത്തിൽ വിപഞ്ചികയുടെ കുടുംബം പങ്കെടുക്കും. ശേഷം വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. വിപഞ്ചികയുടെ മൃതദേഹം രാജ്യത്തെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ എംബസിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.