സ്ത്രീധന പീഡനമാണ് വിസ്മയയുടെ മരണത്തിന് കാരണമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് കേരളത്തിലെ സ്ത്രീധന സംസ്‌കാരത്തെ വിമര്‍ശിച്ചും ചോദ്യം ചെയ്തും പ്രമുഖരടക്കം സോഷ്യല്‍മീഡിയയില്‍ രംഗത്തുവന്നത്. 

വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനം ചര്‍ച്ച ചെയ്ത് സോഷ്യല്‍മീഡിയ. സ്ത്രീധന പീഡനമാണ് വിസ്മയയുടെ മരണത്തിന് കാരണമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് കേരളത്തിലെ സ്ത്രീധന സംസ്‌കാരത്തെ വിമര്‍ശിച്ചും ചോദ്യം ചെയ്തും പ്രമുഖരടക്കം സോഷ്യല്‍മീഡിയയില്‍ രംഗത്തുവന്നത്. ഗാര്‍ഹിക പീഡനത്തിന്റെ പ്രധാന കാരണമായ സ്ത്രീധന സംസ്‌കാരത്തെ ഇല്ലാതാക്കാതെ മരണങ്ങളെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്നത് പ്രശ്‌നപരിഹാരമല്ലെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

സ്ത്രീധനം കൊടുക്കുന്നതിന്റെയും വാങ്ങുന്നതിന്റെയും ഇരകളാണ് സ്ത്രീകള്‍ എന്നും അഭിപ്രായമുയര്‍ന്നു. 100 പവന്‍ സ്വര്‍ണവും ഒന്നരയേക്കര്‍ ഭൂമിയും കാറും സ്ത്രീധനമായി നല്‍കിയാണ് വിസ്മമയെ വിവാഹം ചെയ്തതയച്ചത്. സ്ത്രീധനമായി നല്‍കിയ കാര്‍ ഇഷ്ടപ്പെട്ടില്ലെന്ന കാരണത്താല്‍ ഭര്‍ത്താവ് കിരണ്‍ വിസ്മമയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി വിസ്മയ ബന്ധുവിന് അയച്ച വാട്‌സ് ആപ് സന്ദേശങ്ങള്‍ പുറത്തായിരുന്നു. മലയാളിയുടെ സ്വര്‍ണത്തോടുള്ള ഭ്രമവും പലരും ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങള്‍ സഹിച്ചും ഭര്‍തൃവീട്ടില്‍ തന്നെ സ്ത്രീകള്‍ ജീവിക്കണമെന്ന ധാരണ മാതാപിതാക്കള്‍ മാറ്റണമെന്നും പലരും അഭിപ്രായപ്പെട്ടു. 

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായ നിരോധിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് സ്ത്രീധനം ഇപ്പോഴും സജീവമാണ്. വിസ്മയയുടെ ഭര്‍ത്താവ് കിരണിന്റെ ഫേസ്ബുക്ക് പേജിലും ഇയാള്‍ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. അതിനിടെ മലബാര്‍ മേഖലയില്‍ തെക്കന്‍ കേരളത്തിലെ അത്രത്തോളം സ്ത്രീധന പ്രശ്‌നങ്ങളില്ലെന്ന വാദവുമായി ചിലര്‍ രംഗത്തെത്തി. തെക്കന്‍ കേരളത്തെ അപേക്ഷിച്ച് മലബാറില്‍ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറവാണെന്ന് ഒരു വിഭാഗം അവകാശപ്പെട്ടു. എന്നാല്‍, മലബാറില്‍ കണ്ടറിഞ്ഞ് കൊടുക്കല്‍ രീതിയാണെന്നും മറുവിഭാഗം ആരോപിച്ചു. സ്ത്രീധനത്തിന്റെ കാര്യത്തില്‍ പ്രാദേശികമായി വേര്‍തിരിവില്ലെന്നും എല്ലായിടത്തുമുണ്ടെന്നും വാദമുയര്‍ന്നു. 

വിസ്മയയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ തീര്‍ച്ചയായും വെളിച്ചത്തു വരണമെന്ന് മന്ത്രി ചിഞ്ചുറാണി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ജാഗ്രതയോടെ നിലകൊള്ളണം. നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണെന്നും മന്ത്രി പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ഭര്‍തൃവീട്ടില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയെ മുമ്പ് മര്‍ദ്ദിച്ചിട്ടുണ്ടെന്നും കിരണ്‍ പൊലീസിനോട് സമ്മതിച്ചു. കിരണിന്റെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരമാണ് കിരണിനെതിരെ കേസ് ചുമത്തുക. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ മറ്റ് വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കൂ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona