Asianet News MalayalamAsianet News Malayalam

വിസ്മയയുടെ മരണം: കിരൺ കിഴടങ്ങി, പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ

സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ചാണ് വിസ്മയയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്

Vismaya Suicide husband Kiran motor vehicle inspector in Police Custody
Author
Sooranad, First Published Jun 21, 2021, 9:25 PM IST

കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ വിസ്മയ എന്ന യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്നതിന്റെ സന്ദേശങ്ങൾ പുറത്തായതോടെ സംസ്ഥാനത്തെമ്പാടും വിസ്മയ നൊമ്പരമായി മാറിക്കഴിഞ്ഞു.

കിരൺ തന്നെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതുവരെ സംഭവത്തിൽ കേസെടുത്തിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം എന്താണ് മരണകാരണം എന്ന് വ്യക്തമായ ശേഷം കേസെടുക്കാനാണ് തീരുമാനം. വിസ്മയ മരിച്ചതിന് ശേഷം കിരൺ ഒളിവിലായിരുന്നു. യുവതിയുടെ സംസ്കാരം കഴിഞ്ഞ ശേഷമാണ് കിരൺ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കൊല്ലം നിലമേൽ കൈതോട് സ്വദേശിനിയായിരുന്നു മരിച്ച വിസ്മയ. 24 വയസായിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ചാണ് വിസ്മയയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്ന് കാട്ടി ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇന്ന് പുലർച്ചെയോടെയാണ്  വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾക്ക് കിട്ടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതി ആത്മഹത്യ ചെയ്ത കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റിപ്പോർട്ട് തേടുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios