Asianet News MalayalamAsianet News Malayalam

'തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി', മത്സരിക്കുമെന്ന് പറഞ്ഞ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ്

തെറ്റിദ്ധരിപ്പിച്ച് ജാമ്യം എടുത്തെന്ന വിലയിരുത്തൽ നിയമവൃത്തങ്ങളും ശരിവച്ചാൽ ജാമ്യം റദ്ദാക്കാൻ കോടതിയിൽ പോകാനാണ് വിജിലൻസിന്‍റെ തീരുമാനം. ജയിലിൽ ഇരുന്നും മത്സരിക്കാമെന്ന് ഹൈക്കോടതിയും പറഞ്ഞിരുന്നതാണ്. 

vk ibrahim kunju to contest in assembly elections vigilance might move court
Author
Kochi, First Published Jan 26, 2021, 12:36 PM IST

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തയ്യാറാണെന്ന വി കെ  ഇബ്രാഹിംകുഞ്ഞിന്‍റെ പ്രസ്താവനക്കെതിരെ  വിജിലന്‍സ്. ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇബ്രാഹിം കുഞ്ഞ് കോടതിയില്‍നിന്ന് ജാമ്യം നേടി എന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കുന്ന കാര്യം പരിശോധിക്കുകയാണ് വിജിലന്‍സ്.

നിരവധി സസ്പെന്‍സുകള്‍ നിറഞ്ഞതായിരുന്നു ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റും ജാമ്യം എടുക്കലും. അറസ്റ്റ് ഭയന്ന് ആശുപത്രിയില്‍ ഒളിച്ചുവെന്ന് ആദ്യം ആരോപണം. പിന്നെ ആശുപത്രിക്കിടക്കയില്‍നിന്ന് ജാമ്യം തേടി ഹൈക്കോടതിയില്‍. എഴുന്നേറ്റ് നില്‍ക്കാൻ പോലും കഴിയില്ലെന്നും ജയിലില്‍ ഇട്ടാല്‍ താന്‍ മരിച്ചുപോകും എന്നൊക്കെയായിരുന്നു വാദം. ഇക്കാര്യം അംഗീകരിച്ച് ഹൈക്കോടതി ജയില്‍വാസവും ഒഴിവാക്കി. പക്ഷെ ജാമ്യം കിട്ടി മൂന്നാഴ്ചയ്ക്കിപ്പുറം ഇന്നലെ ആശുപത്രി വിട്ടപ്പോഴാണ് കളമശ്ശേരിയില്‍ മത്സരിക്കാൻ തയ്യാറെന്ന് ഇബ്രാഹിംകുഞ്ഞിന്‍റെ പ്രസ്താവന. 

ആശുപത്രിയില്‍ കിടക്കവേ ഇബ്രാഹിംകുഞ്ഞ് എംഇഎസ് തെരഞ്ഞെടുപ്പില്‍ മല്‍സിരിക്കാന്‍ അപേക്ഷ നല്‍കിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്ശിക്കുകയും ചെയ്തിരുന്നു.  ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഇക്കാര്യം ഗൗരവമായെടുക്കുന്നത്. ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി അടിസ്ഥാനമാക്കിയ വസ്തുതകളുടെ ലംഘനമാണിതെന്നാണ് പ്രാഥമിക വിലയിരുത്തില്‍. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയത് എന്ന് കാട്ടി അതേ കോടതിയെത്തന്നെ സമീപിക്കുന്ന കാര്യം വിജിലന്‍സ് പരിശോധിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios