Asianet News MalayalamAsianet News Malayalam

'ശ്രീകണ്ഠന്റെ പ്രതികാരം' പൂര്‍ത്തിയായി

ശ്രീകണ്ഠന്‍റെ പ്രതികാര കഥ ഇങ്ങനെ, ഷൊര്‍ണൂര്‍ എസ്.എന്‍കോളേജില്‍ ശ്രീകണ്ഠന്‍ പഠിക്കുന്ന സമയത്താണ് എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണം കോളേജില്‍ നടന്നത്. 

vk-sreekandan-palakkad-full-fill-his-revenge-after-land-slide-win
Author
Kerala, First Published Jun 22, 2019, 6:01 PM IST

പാലക്കാട്: എല്‍ഡിഎഫ് കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ച വിജയമാണ് പാലക്കാട് കോണ്‍ഗ്രസിന്‍റെ വികെ ശ്രീകണ്ഠന്‍ നേടിയത്. ഇടത് കോട്ടകള്‍ തകര്‍ത്ത് എറിഞ്ഞ് എല്‍‍ഡിഎഫ് വിജയം ഉറപ്പിച്ച പാലക്കാട് എല്‍ഡിഎഫ് ജയിച്ച പല നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറി. വളരെ പഴക്കമുള്ള എന്നാല്‍ ഏറെ മധുരമുള്ള ഒരു പ്രതികാരത്തിന്റെ കഥയാണ് ശ്രീകണ്ഠനെ സംബന്ധിച്ചിടത്തോളം ഈ വിജയത്തിനുള്ളത്. ഒടുവില്‍ പ്രതികാരം വീട്ടിയെ താടി വടിക്കൂ എന്ന പ്രതിജ്ഞ ശ്രീകണ്ഠന്‍ പൂര്‍ത്തിയാക്കി. ഷാഫി പറമ്പില്‍ എംഎല്‍എ ശ്രീകണ്ഠന്‍റെ താടിവടിച്ച മുഖം ശ്രീകണ്ഠന്റെ പ്രതികാരം എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവച്ചു.

ശ്രീകണ്ഠന്‍റെ പ്രതികാര കഥ ഇങ്ങനെ, ഷൊര്‍ണൂര്‍ എസ്.എന്‍ കോളേജില്‍ ശ്രീകണ്ഠന്‍ പഠിക്കുന്ന സമയത്താണ് എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണം കോളേജില്‍ നടന്നത്. അക്രമികളിലൊരാള്‍ സോഡാക്കുപ്പി പൊട്ടിച്ച് ശ്രീകണ്ഠന്റെ മുഖത്ത് കുത്തി. ഇടതു കവിള്‍ തുളച്ച് വായ്ക്കുള്ളില്‍ വരെയെത്തി. 13 തുന്നലുകളുമായി ആശുപത്രിയിലെ ഐ.സി.യുവില്‍ ശ്രീകണ്ഠന്‍ കിടന്നു. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയിട്ടും 'എല്‍' ആകൃതിയില്‍ പരിക്ക് മുഖത്ത് തെളിഞ്ഞു കിടന്നു. 

മുറിവിനെ മറയ്ക്കാന്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതോടെ താടി വളര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചു. മുഖത്തെ മുറിവുണങ്ങുന്നതു വരെ ഷേവ് ചെയ്യരുതെന്ന് ഡോക്ടര്‍മാരും പറഞ്ഞിരുന്നു. താടി വളര്‍ത്തിയതോടെ അത് മുഖത്തിന്റെ ഒരു ഭാഗമായി മാറി. പക്ഷേ അതോടെ മറ്റൊരു ചോദ്യം ഉയര്‍ന്നു. 'എന്ന് താടി വടിക്കും?' കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തുടര്‍ച്ചയായി ചോദ്യം എത്തിയതോടെ 'എന്നെ ആക്രമിച്ച പ്രസ്ഥാനത്തെ തോല്‍പ്പിക്കുന്ന അന്നുമാത്രമേ താടിയെടുക്കൂ' എന്ന് ശ്രീകണ്ഠന്‍ പ്രഖ്യാപിച്ചു. 

ആ പ്രതിജ്ഞ ഇപ്പോള്‍ പാലിച്ചിരിക്കുകയാണ് വികെ ശ്രീകണ്ഠന്‍. തന്നെ ആക്രമിച്ചവരെ കാണിക്കാനും തിരഞ്ഞെടുപ്പില്‍ ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ ശരിയായിരുന്നുവെന്ന് വ്യക്തമാക്കാനും താടിയെടുത്തിരിക്കുകയാണ് പാലക്കാട് എംപി.

Follow Us:
Download App:
  • android
  • ios