Asianet News MalayalamAsianet News Malayalam

ശ്രീ പത്മനാഭക്ഷേത്രം; സുപ്രീം കോടതി വിധി സ്വാ​ഗതം ചെയ്യാതെ വിഎസ്, യുഡിഎഫിന് വിമർശനം

യുഡിഎഫ് സർക്കാരിന്റെ നിലപാടാണ് കോടതിയിൽ അവതരിപ്പിക്കപ്പെട്ടത് എന്നത് കേസിന്റെ വിധിയിൽ പ്രകടമായിട്ടുണ്ടാകാം. ഇത്തരം കേസുകളിൽ ജനകീയ സർക്കാരുകൾ എത്രമാത്രം ശ്രദ്ധ പുലർത്തുന്നു എന്നതും നിലപാടുകളും പ്രധാനമാണ്.

vs achutanandan reaction to padmanabha temple verdict
Author
Thiruvananthapuram, First Published Jul 13, 2020, 7:35 PM IST

തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രം സംബന്ധിച്ച, മുൻ രാജാവിന്റെ കുടുംബത്തിനനുകൂലമായ സുപ്രീംകോടതി വിധി സ്വാ​ഗതം ചെയ്യാതെ ഭരണ പരിഷ്കാരകമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. യുഡിഎഫ് സർക്കാരിന്റെ നിലപാടാണ് കോടതിയിൽ അവതരിപ്പിക്കപ്പെട്ടത് എന്നത് കേസിന്റെ വിധിയിൽ പ്രകടമായിട്ടുണ്ടാകാം. ഇത്തരം കേസുകളിൽ ജനകീയ സർക്കാരുകൾ എത്രമാത്രം ശ്രദ്ധ പുലർത്തുന്നു എന്നതും നിലപാടുകളും പ്രധാനമാണ്. സമിതി രൂപീകരണ തീരുമാനം നടപ്പാക്കുന്നതിൽ അന്നത്തെ യുഡിഎഫ് സർക്കാർ ഉപേക്ഷ വരുത്തിയെന്നും അച്യുതാനന്ദൻ പ്രതികരിച്ചു. 

ശ്രീ പദ്മനാഭ ക്ഷേത്രത്തിൻ്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത് ഇന്നാണ്. ഹൈക്കോടതി വിധിക്കെതിരെ മുൻ രാജാവിന്റെ കുടുംബം സമർപ്പിച്ച അപ്പീൽ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിൻ്റെ നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ അതിൻ്റെ നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. ക്ഷേത്രത്തിൽ രണ്ട് സമിതി രൂപീകരിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. മുൻ രാജാവിന്റെ കുടുംബത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ആവശ്യം പരിഗണിച്ചാണ് നിർദ്ദേശം. ഉപദേശക സമിതി രൂപീകരണത്തിൽ മുൻ രാജാവിന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങളും സുപ്രീംകോടതി പരിഗണിച്ചു.

Read Also: പത്മനാഭക്ഷേത്രം; സുപ്രീംകോടതി വിധി സ്വാ​ഗതാർഹം; എല്‍ഡിഎഫിന് തിരിച്ചടിയെന്നും ഉമ്മൻ ചാണ്ടി...

കഴിഞ്ഞ 25 കൊല്ലത്തെ ക്ഷേത്രത്തിലെ വരവ് ചെലവ് കണക്കുകളുടെ ഓഡിറ്റ് നടത്തണമെന്ന് വിധിയിൽ പറയുന്നുണ്ട്. ബി നിലവറ തുറക്കുന്ന കാര്യം പുതിയ സമിതികൾക്ക് തീരുമാനിക്കാം. ട്രസ്റ്റ് പ്രതിനിധി, മുഖ്യ തന്ത്രി, കേരള സർക്കാർ പ്രതിനിധി, കേന്ദ്ര സർക്കാർ പ്രതിനിധി, എന്നിങ്ങനെയാണ് ഭരണസമിതിയിലെ അംഗങ്ങൾ. തിരുവന്തപുരം ജില്ല ജഡ്ജി ഭരണസമിതിയുടെ അധ്യക്ഷനായിരിക്കും. രാജകുടുംബാംഗവും മുഖ്യ തന്ത്രിയും ഉപദേശക സമിതിയിലും അംഗങ്ങളാവും. ബാക്കിയുള്ള ആറ് അംഗങ്ങളെ സംസ്ഥാന മന്ത്രിസഭയിലെ ഹിന്ദുക്കളായ അംഗങ്ങൾ ചേർന്ന് തീരുമാനിക്കണം.

രണ്ട് കമ്മിറ്റിയിലും എല്ലാ അംഗങ്ങളും ഹിന്ദുക്കളാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. മുൻ രാജാവിന്റെ കുടുംബത്തിന്റെ അധികാരങ്ങളാണ്  ഭരണസമിതിക്ക് കൈമാറുന്നത്. കുടുംബത്തിന്റെ അവകാശം നിലനിൽക്കുമ്പോഴും അത് നിർവഹിക്കുക ഭരണ സമിതിയായിരിക്കുമെന്ന് വിധി വ്യക്തമാക്കുന്നു. ക്ഷേത്ര സ്വത്ത് സംരക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. 

Read Also: സുപ്രീംകോടതി വിധി വിശ്വാസികളുടെ വിജയം, സർക്കാരിനേറ്റ തിരിച്ചടി: കെ.സുരേന്ദ്രൻ...
 

Follow Us:
Download App:
  • android
  • ios