ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്ന ഈ ഘട്ടത്തില്‍, നമ്മുടെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ക്കു പോലും മലയാളം തൊട്ടുകൂടാത്ത ഭാഷയായി പരിഗണിച്ചാല്‍ അത് ഒരുതരത്തിലും ന്യായീകരിക്കാന്‍ മലയാളികള്‍ക്കാവില്ല.

തിരുവനന്തപുരം: ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്ന ഈ ഘട്ടത്തില്‍ മലയാളം തൊട്ടുകൂടാത്ത ഭാഷയായി പരിഗണിച്ചാല്‍ അത് ഒരുതരത്തിലും ന്യായീകരിക്കാന്‍ മലയാളികള്‍ക്കാവില്ലെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. നമ്മുടെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ക്കു പോലും മലയാളം തൊട്ടുകൂടാത്ത ഭാഷയായി പരിഗണിച്ചാല്‍ അത് ഒരുതരത്തിലും ന്യായീകരിക്കാന്‍ മലയാളികള്‍ക്കാവില്ല. കേരളം പൊരുതി നേടിയ മലയാളത്തിന്‍റെ പദവിയെ കേരളംതന്നെ അവമതിക്കുന്നതിന് തുല്യമായിരിക്കും അത്- വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ശ്രേഷ്ഠഭാഷാ പദവി ലഭിച്ച അഞ്ചാമത്തെ ഇന്ത്യന്‍ ഭാഷയാണ് മലയാളം. 2010ലാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിക്കുവേണ്ടിയുള്ള സമ്മര്‍ദ്ദം ആരംഭിക്കുന്നത്. മലയാളത്തിന് വേണ്ടത്ര കാലപ്പഴക്കമില്ല എന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് അന്ന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉപസമിതി നമ്മുടെ ആവശ്യം നിരാകരിച്ചത്. പക്ഷെ, കേരളം വിട്ടുകൊടുത്തില്ല. കേരളത്തിന്‍റെ വാദം കേള്‍ക്കാതെയും ഭാഷയുടെ ചരിത്രം പരിശോധിക്കാതെയുമാണ് ഉപസമിതിയുടെ തീര്‍പ്പ് എന്ന് കാണിച്ച് നാം പരാതി നല്‍കി. അതിന്‍റെ അടിസ്ഥാനത്തിലാണ് മലയാളം ശ്രേഷ്ഠഭാഷയായത്. 

മലയാളത്തിന്‍റെ പ്രിയ കവി ഒഎന്‍വി അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് മുതല്‍, മലയാളം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായ ജയകുമാര്‍, ഡോ. എംജിഎസ് നാരായണന്‍, ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, ബി. ഗോപാലകൃഷ്ണന്‍, സുഗതകുമാരി ടീച്ചര്‍ എന്നു തുടങ്ങി അനേകമനേകം പേരുടെ പരിശ്രമങ്ങള്‍ ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്.

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്ന ഈ ഘട്ടത്തില്‍, നമ്മുടെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ക്കു പോലും മലയാളം തൊട്ടുകൂടാത്ത ഭാഷയായി പരിഗണിച്ചാല്‍ അത് ഒരുതരത്തിലും ന്യായീകരിക്കാന്‍ മലയാളികള്‍ക്കാവില്ല. കേരളം പൊരുതി നേടിയ മലയാളത്തിന്‍റെ പദവിയെ കേരളംതന്നെ അവമതിക്കുന്നതിന് തുല്യമായിരിക്കും അത്.

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മലയാളത്തിന് അവമതിപ്പുണ്ടാക്കാന്‍ കൂട്ടുനില്‍ക്കില്ല എന്ന് വ്യക്തമായിരിക്കുന്നു. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ പരീക്ഷകളില്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുമെന്നും, മലയാളത്തിലെഴുതിയ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തുമെന്നും ഉറപ്പ് ലഭിച്ചിരിക്കുന്നു. പബ്ലിക് സര്‍വ്വീസ് കമ്മീഷനും ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നതായി മനസ്സിലാക്കുന്നു. മലയാളത്തെ സ്നേഹിക്കുന്ന എല്ലാവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്യും- വിഎസ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.