കൊച്ചി: കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ കണ്ടയ്നമെന്റ് സോണുകളിൽ വേണ്ടി വന്നാൽ മുന്നറിപ്പില്ലാതെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. ഇതിനായി പ്രത്യക ആലോചന നടത്തില്ല. വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞാൽ ഉടൻ നടപ്പാക്കും. എറണാകുളം ജില്ലയിൽ ഗുരുതരമായ സ്‌ഥിതിയാണ്. കണ്ടൈൻമെൻറ് സോണുകളുടെ എണ്ണം വർധിപ്പിക്കും. പരിശോധനയിൽ കൂടുതൽ പേർക്ക് കൊവി‍ഡ് സ്ഥിരീകരിക്കുന്ന എറണാകുളം ജില്ലയിൽ കൂടുതൽ പരിശോധന സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. കളമശ്ശേരയിലെ പരിശോധന കേന്ദ്രത്തിനൊപ്പം മറ്റൊരു യൂണിറ്റ് കൂടി സജ്ജീകരിക്കേണ്ട സാഹചര്യത്തിലാണ് ജില്ല. ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ കാർഡിയോളജി ജനറൽ മെഡിക്കൽ വാർഡുകൾ അടച്ചു.

കുറവ് പരിശോധനയിൽ തന്നെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരിയാണ് എറണാകുളം ജില്ലയിൽ. ഫലം ലഭിക്കാനുള്ള ടെസ്റ്റുകളുടെ എണ്ണവും പ്രതിദിനം കൂടുന്നതോടെ സാഹചര്യം സങ്കീർണമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ പത്ത് ദിവസം വരെ 300 അധികം പരിശോധന ഫലങ്ങളാണ് ലഭിക്കാനുണ്ടായിരുന്നത്. ചില ദിവസങ്ങളിൽ ഇത് 486 വരെയെത്തി. ഇവരിൽ കൂടുതൽ പേരും വീടുകളിൽ തന്നെയാണ് ക്വാറന്‍റൈനിൽ കഴിയുന്നത്. കൊവിഡ് സാധ്യതയുള്ളവരുടെ പരിശോധന ഫലം വൈകുന്നത് ഇവരുമായുള്ള സമ്പർക്കപ്പട്ടികയും വലുതാക്കുന്നു. ജില്ലയിൽ ഇത് വരെ 59 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം കൊവിഡ് രോഗികളുടെ അടുത്ത ബന്ധുക്കളോ,ഇവരുമായി വളരെ അടുത്ത് സമ്പർക്കത്തിലേർപ്പെട്ടവരോ ആണ്.ജില്ലയിലെ രോഗികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജ് കൂടാതെ മറ്റൊരു യൂണിറ്റ് കൂടി പരിശോധനക്കായി എത്തിക്കേണ്ട സാഹചര്യമാണ്. പിസിആർ പരിശോധനക്കൊപ്പം ആന്‍റിജെൻ പരിശോധനയും,പൂൾ ടെസ്റ്റിംഗും കൂട്ടി പ്രതിസന്ധി മറികടക്കാനാണ് ജില്ല ആരോഗ്യവിഭാഗത്തിന്‍റെ ശ്രമം.

ചികിത്സയിലായിരുന്ന എറണാകുളം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടൊണ് ജനറൽ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായത്. ശനിയാഴ്ച മുതൽ ഇയാളെ ചികിത്സിച്ച ജനറൽ മെഡിക്കൽ,കാർഡിയോളജി വിഭാഗങ്ങളിൽ അടച്ചിട്ടു.ഇയാളുടെ എം ജി റോഡിലെ ജ്യൂസ് കടയിലെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇയാളെയും പരിശോധനക്ക് വിധേയനാക്കിയത്. കളമശ്ശേരി മെഡിക്കൽ കോളേജ് കൊവിഡ് ആശുപത്രിയാക്കിയതോടെ ജില്ലയിൽ സാധാരണക്കാർ രോഗികൾ കൂടുതലായി ജില്ല ജനറൽ ആശുപത്രിയെയാണ് ആശ്രയിച്ചിരുന്നത്. രോഗിയുമായി സമ്പർക്കത്തിൽ വന്ന ഡോക്ടർമാരും,നഴ്സുമാരും ക്വാറന്‍റൈനിൽ പോകേണ്ട സാഹചര്യം പ്രതിസന്ധി രൂക്ഷമാക്കുകയാണ്. നഗരപരിധിയിലെ നിയന്ത്രിത മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ആലോചനകളിലാണ് ജില്ല ഭരണകൂടം.