പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. ഇത് ആർഎസ്എസ് അജണ്ടയായ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള സന്ധിയാണെന്നും, മുഖ്യശത്രുവിനെതിരായ പോരാട്ടത്തിൽ കോംപ്രമൈസ് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് വി എസ്. സുനിൽകുമാർ. മുഖ്യശത്രുവിനെതിരായ പോരാട്ടത്തിൽ ചാഞ്ചല്യമോ കോംപ്രമൈസോ പാടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലപാടിൽ വെള്ളം ചേർത്താൽ അത് ഇടതുപക്ഷത്തെ അന്ധകാരത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ സർക്കാർ സ്വീകരിച്ചത് ശരിയായ നിലപാടല്ലെന്ന് വി.എസ്. സുനിൽകുമാർ വ്യക്തമാക്കി. വിഷയം മുന്നണി പ്രശ്നമോ ചർച്ച നടക്കാത്തതോ അല്ല, മറിച്ച് അതൊരു രാഷ്ട്രീയപ്രശ്നമാണ്. ആർഎസ്എസിൻ്റെ അടിസ്ഥാന ആശയങ്ങളുമായി സന്ധി ചെയ്യാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐ നിലപാട്
മുന്നണിയിൽ പടലപ്പിണക്കം ഉണ്ടാക്കാനല്ല സിപിഐ ഈ വിഷയം ഉന്നയിക്കുന്നത്. രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർക്കാതെ നട്ടെല്ല് നിവർത്തി കാര്യങ്ങൾ പറയുന്ന പാർട്ടിയാണ് സിപിഐ. ആർഎസ്എസ്. വർഗീയത ഒളിച്ചുകടത്താൻ ശ്രമിച്ചാൽ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിലെ കേന്ദ്ര വിവേചനത്തെ നിയമപരമായി നേരിട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു.
എൻഇപി ആർഎസ്എസ് അജണ്ട
ബിജെപി സർക്കാർ കൊണ്ടുവന്ന ഏറ്റവും അപകടകരമായ നയമാണ് ദേശീയ വിദ്യാഭ്യാസ നയം (NEP). അത് സംസ്ഥാനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ശ്രമം നടക്കുന്നത്. എൻഇപി. വർഗീയ നയങ്ങൾ വാർത്തെടുക്കാനുള്ള ആർഎസ്എസ് അജണ്ട ആണെന്നും സിപിഎം. മധുര പാർട്ടി കോൺഗ്രസിലും ഈ കാര്യം മുന്നോട്ട് വെച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
യുഡിഎഫ് കൺവീനർക്കെതിരെ വിമർശനം
സിപിഐ നിലപാടുകളെ സ്വാഗതം ചെയ്ത യുഡിഎഫ്. കൺവീനർക്കെതിരെയും വിഎസ് സുനിൽകുമാർ വിമർശനം ഉയർത്തി. യുഡിഎഫ് കൺവീനർ നടത്തുന്നത് ജല്പനമാണ്. സിപിഐയെ യുഡിഎഫ് കൺവീനർ ക്ഷണിക്കുന്നത് കാര്യം പിടികിട്ടാത്തത് കൊണ്ടാണ്. ബാർഗേയിനിങ് രാഷ്ട്രീയം മാത്രമേ യു.ഡി.എഫിന് അറിയാവൂ എന്നും അദ്ദേഹം പരിഹസിച്ചു


