പാലക്കാട്:  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ 'ഐഫോൺ വിവാദത്തിൽ'  പ്രതികരണവുമായി വി ടി ബൽറാം എംഎൽഎ. മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പിന്തുണയില്‍ നടന്നു പോന്ന സ്വർണ്ണ കളളക്കടത്തിലും മറ്റ് മാഫിയ പ്രവർത്തനങ്ങളിലും പ്രതിപക്ഷമടക്കം എല്ലാവർക്കും പങ്കുണ്ട് എന്ന് സ്ഥാപിച്ചെടുക്കാൻ നോക്കുകയാണ് സിപിഎം എന്ന് ബല്‍റാം ആരോപിച്ചു.

ഫേസ്ബുക്കിലൂടെയാണ് എംഎല്‍എയുടെ ആരോപണം. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം 5 ഐഫോണുകൾ വാങ്ങിയെന്നും യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർക്ക് ഈ ഫോൺ നൽകയെന്നും യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷം തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പ്രതിരോധമായി ഐ ഫോണ്‍ വിവാദം ആഘോഷിക്കുകയാണ്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

യുഎഇ നാഷണൽ ഡേയ്ക്കു വരുന്ന അതിഥികൾക്ക് സമ്മാനമായി നൽകാൻ അവിടത്തെ എല്ലാമെല്ലാമായ സ്വപ്ന സുരേഷ് 5 ഐഫോൺ സംഘടിപ്പിച്ചത് യൂണിടാക് ഉടമയിൽ നിന്ന്. ആ ഫോണുകൾ ഒരു ലക്കി ഡ്രോ വഴി പരിപാടിക്ക് വന്ന അതിഥികളിൽ 5 പേർക്ക് സമ്മാനമായി നൽകുകയും ചെയ്തു. യുഎഇ നാഷണൽ ഡേ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് നേരത്തെ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയന് പെട്ടെന്നുണ്ടായ തിരക്കുകളാൽ എത്താൻ കഴിയാതിരുന്നപ്പോൾ അദ്ദേഹത്തിനു പകരം ഈ സമ്മാനം വിജയികൾക്ക് എടുത്തു കൊടുത്തത് ചടങ്ങിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.

ഇതാണ് സംഭവം. പക്ഷെ ക്യാപ്സ്യൂളുകൾ പരക്കുന്നത് എങ്ങനെയൊക്കെയാണെന്ന് കാണുന്നുണ്ടല്ലോ!

ഭരണകൂടത്തിൻറെ ഒത്താശയിലും മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പിന്തുണയിലും നടന്നു പോന്ന സ്വർണ്ണ കളളക്കടത്തിലും മറ്റ് മാഫിയ പ്രവർത്തനങ്ങളിലും പ്രതിപക്ഷമടക്കം എല്ലാവർക്കും പങ്കുണ്ട് എന്ന് സ്ഥാപിച്ചെടുക്കാൻ നോക്കുന്നവരുടെ ഓരോ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ?