തിരുവനന്തപുരം: പാലായുടെ ജനഹിതമറിയാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയാകുമ്പോള്‍ നര്‍മ്മത്തില്‍ ചാലിച്ച കുറിപ്പുമായി എംഎല്‍എ വി ടി ബല്‍റാം. യുപിഎ ഘടകകക്ഷി എന്‍സിപിക്ക് പാലാ മണ്ഡലത്തില്‍ വിജയമെന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. നിയുക്ത എംഎല്‍എ മാണി സി കാപ്പന് അഭിനന്ദനങ്ങള്‍ അറിയിച്ച ബല്‍റാം തല്‍ക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. 

'യുപിഎ ഘടകകക്ഷി എൻസിപിക്ക് പാലാ മണ്ഡലത്തിൽ വിജയം. നിയുക്ത എംഎൽഎ മാണി സി കാപ്പന് അഭിനന്ദനങ്ങൾ. തൽക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെ'- ബല്‍റാം കുറിച്ചു. അതേസമയം വോട്ടെണ്ണലിന്‍റെ ആദ്യറൗണ്ടില്‍ തന്നെ യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിച്ചു കൊണ്ട് മുന്നേറ്റം ആരംഭിച്ച മാണി സി കാപ്പന്‍ വ്യക്തമായ ലീഡ് മറ്റു പഞ്ചായത്തുകളിലും നിലനിര്‍ത്തുകയാണ്.