പാലക്കാട്:  അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തി വാളയാര്‍ അതിര്‍ത്തിയിലെ കുടുങ്ങിക്കിടക്കുന്നവരുടെ പ്രതിസന്ധി അവസാനിക്കുന്നു. ഹൈക്കോടതി നിർദേശപ്രകാരം പാസ് ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. ഇന്നലെ മുതൽ അതിർത്തിയിൽ കുടുങ്ങിയ ഇരുന്നൂറിലേറെപ്പേര്‍ക്കാണ് യാത്രാനുമതി ലഭിച്ചത്. ആരോഗ്യ പരിശോധന നടത്തി ഇവരെ അതത് സ്ഥലങ്ങളിലേക്ക് അയക്കും. 

പ്രതിദിനം ആയിരം പാസുകള്‍ മാത്രമേ നല്‍കാനാകൂ എന്നും പാസില്ലാതെ ധാരാളം ആളുകള്‍ അതിര്‍ത്തിയില്‍ എത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കോയമ്പത്തൂരില്‍ കുടുങ്ങിക്കിടക്കുന്ന ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പരിഗണന നല്‍കണമെന്നും അതിര്‍ത്തി പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പാസ് ഇല്ലാത്തവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിച്ച് തുടങ്ങിയത്. 

അന്തർ സംസ്ഥാന യാത്രകൾക്ക് പാസ് വേണം, വീട്ടിൽ നിരീക്ഷണം വേണം: കേന്ദ്രത്തോട് കേരളം

അതേ സമയം സംസ്ഥാനത്തെ 3 അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെ ഇന്ന് 750 ലേറെപ്പേര്‍ക്കാണ് പ്രവേശനമനുവദിച്ചത്. അതിര്‍ത്തി പ്രദേശങ്ങളായ തലപ്പാടിയിലും വാളയാറിലും കഴിഞ്ഞ ദിവസങ്ങളെ പോലെ തന്നെ നൂറ് കണക്കിന് പേര്‍ ഇന്നും എത്തിയിരുന്നു. കർനൂലിൽ നിന്നെത്തിയ നവോദയ വിദ്യാർത്ഥികളുടെ സംഘവും 8 മണിക്കൂറിന് ശേഷം കേരളത്തിലേക്ക് പ്രവേശിച്ചു.