പാലക്കാട്: വിവാദമായ വാളയാർ പീഡന കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ബോധപൂർവ്വം കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണവുമായി മുൻ പബ്ലിക് പ്രൊസിക്യുട്ടർ ജലജ മാധവൻ. തെളിവുകൾ കുറവായതിനാൽ കേസ്  ദുർബലമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ പലതവണ അറിയിച്ചതാണെന്ന് അവർ പറഞ്ഞു.

വാളയാർ പീഡന കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യം മുന്നോട്ടുവെച്ച ഉടനെ, തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നും മാറ്റിയതായി അവർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാകാത്തതിനാൽ പലതവണ കേസ് മാറ്റി വെക്കേണ്ട സാഹചര്യമുണ്ടായി. കോടതിയിൽ കേസ് എടുക്കുമ്പോൾ സീൻ മഹസർ പോലും പൊലീസ് ഉദ്യോഗസ്ഥർ കൊണ്ടുവന്നില്ലെന്നും പബ്ലിക് പ്രോസിക്യുട്ടർ കുറ്റപ്പെടുത്തി.

അതേസമയം വാളയാർ കേസിലെ വിധിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. വാളയാറിലെ മൂത്ത പെൺകുട്ടി തൂങ്ങിമരിച്ചത് തന്നെയാണെന്നാണ് വിചാരണ കോടതി വിധി. മുമ്പുണ്ടായ ലൈംഗീക പീഡനങ്ങൾ ആത്മഹത്യക്ക് കാരണമായെന്ന് പറയാനാകില്ലെന്നും വിധിയിൽ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്ന വാദം പ്രോസിക്യൂഷൻ ഒരിക്കൽ പോലും ചോദ്യം ചെയ്തിട്ടില്ലെന്ന് വിധിയിൽ വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വാദമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. എന്നാൽ പീഡനം നടന്നിട്ടുണ്ടെങ്കിൽ അതിൽ പ്രത്യേകം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യണമായിരുന്നുവെന്ന് വിധിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വാളയാർ കേസിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടെന്നതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.

പ്രതികള്‍ പീഡനം നടത്തിയതിന്റെ തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് വിധിയിൽ പറയുന്നു. സാഹചര്യ തെളിവുകളെ മാത്രമാണ് പ്രോസിക്യൂഷൻ ആശ്രയിച്ചതെന്നും ഈ തെളിവുകളുടെ തുടർച്ച നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു. രണ്ട് സാഹചര്യത്തെളിവുകൾ മാത്രമാണ് വിശ്വാസയോഗ്യമായിട്ടുള്ളതെന്നും വിധിയിൽ പറയുന്നുണ്ട്.

പെണ്‍‍കുട്ടിയുടെ വീടിനടുത്താണ് പ്രതി താമസിച്ചിരുന്നത് എന്നതും, പ്രതിയുടെ വീട്ടിൽ പെൺകുട്ടി പോയിരുന്നുവെന്നതും മാത്രമാണ് വിശ്വാസയോഗ്യമായ സാഹചര്യ തെളിവുകളെന്ന് വിധിയിൽ പറയുന്നു. പ്രതികളുടെ വീട്ടിലേക്ക് പെണ്‍കുട്ടി പോയപ്പോഴാണ് പീഡനം നടന്നതെന്നാണ് വാദം. എന്നാൽ ഇതിന് തെളിവുകളില്ലെന്നും സാക്ഷിമൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും വിധിയിൽ പറയുന്നുണ്ട്. 

2016 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ വീടിനടുത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന പ്രതി പീഡീപ്പിച്ചതായി സാക്ഷി മൊഴിയുണ്ട്. എന്നാൽ ആ കാലയളവിന് ശേഷമാണ് വീട് വാടകയ്ക്ക് നല്‍കിയതെന്ന് ഉടമ കോടതിയില്‍ മൊഴി നല്‍കി. സാക്ഷികളെ പോലീസ് പടച്ചുണ്ടാക്കിയതാണെന്ന ഗുരുതര ആരോപണവും വിധിയിലുണ്ട്.

പെണ്‍കുട്ടിയുടെയും പ്രതികളുടെയും വസ്ത്രങ്ങളുടെ രാസപരിശോധന നടത്തിയിരുന്നുവെന്നും ഈ വസ്ത്രങ്ങളിൽ പ്രതിയുടെ രേതസ്സോ മറ്റ് ജീവദ്രവങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും വിധിയിൽ ചൂണ്ടിക്കാണിക്കുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജ്ജന്‍ നൽകിയ മൊഴിപ്രകാരം മലദ്വാരത്തിലെ മുറിവ് അണുബാധമൂലം ഉണ്ടായതാകാമെന്ന് കൂടി പറയുന്നുണ്ട്. പീഡനം നടന്നു എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്  കണിശമായി പറയുന്നില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

ചില പ്രതികളെ തെളിവില്ലെങ്കിലും കുറ്റസമ്മതം നടത്തിയെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തതെങ്കിലും അറസ്റ്റിന് ശേഷമാണ് ഇവരുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നുവെന്ന് തന്നെ വിധിയിൽ പറയുന്നു. 

കൊലപാതകം എന്ന പദം പോലും ഇല്ലാതെ കുറ്റപത്രം

രണ്ടാമത്തെ കുട്ടിയും ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇളയ മകളുടേത് കൊലപാതകം എന്ന് മാതാപിതാക്കൾ പൊലീസിന് മൊഴിയും സമർപ്പിച്ചു. എന്നാൽ ഈ മൊഴി കുറ്റപത്രത്തിൽ എങ്ങുമില്ല. കൊലപാതക സാധ്യതകൾ അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ പരിശോധിച്ചതായും കുറ്റപത്രത്തിൽ ഇല്ല. 

തൂങ്ങിമരണം പീഡനക്കേസിലെ പ്രതിയുടെ ലുങ്കിയിൽ, അതും അന്വേഷിച്ചില്ല

വാളയാറിലെ ഇളയകുട്ടി മരിച്ചത് മൂത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷിബുവിന്റെ ലുങ്കി ഉപയോഗിച്ചെന്ന് കുറ്റപത്രത്തിൽ വ്യക്തമാണ്. പക്ഷെ പീഡനക്കേസിലെ പ്രതിയായിട്ട് കൂടി കേസിൽ ഷിബുവിന്റെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തിയില്ല. പകരം കൊലപാതകത്തിനുള്ള എല്ലാ സാധ്യതകളും തള്ളി മരണം ആത്മഹത്യയെന്ന് കുറ്റപത്രത്തിൽ പൊലീസ് എഴുതിച്ചേർത്തു.

ദൃക്സാക്ഷിയുടെ പങ്കും തള്ളി കളഞ്ഞു

മൂത്ത കുട്ടി മരിച്ചത് കണ്ട ഇളയകുട്ടി അപ്പോൾ മധുവെന്ന ആൾ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് അമ്മയോട് പറഞ്ഞിരുന്നു. ഇക്കാര്യം അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ മൂത്ത പെൺകുട്ടി മരിച്ച ദിവസം രണ്ട് പേർ മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്നതടക്കമുള്ള ഇളയ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയില്ല. കൊലപാതക സാധ്യതകൾ പരിശോധിക്കാതെയുള്ള കുറ്റപത്രം പ്രോസിക്യൂഷന്റെ വീഴ്ചയും എടുത്തു കാട്ടുന്നതാണ്.