രൂപയുടെ മൂല്യം സംരക്ഷിക്കാനായി സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15% ആയി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. എന്നാല്‍, ഈ നടപടി രാജ്യത്ത് സ്വര്‍ണ്ണ കള്ളക്കടത്ത് വര്‍ധിക്കാന്‍ ഇടയാക്കുമെന്നും 'ഗ്രേ മാര്‍ക്കറ്റ്' ശക്തിപ്പെടുത്തുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. മുന്‍കാലങ്ങളില്‍ തീരുവ കൂട്ടിയപ്പോഴെല്ലാം കള്ളക്കടത്ത് വര്‍ധിച്ചതായാണ് കണക്കുകള്‍.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ കൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്ത് സ്വര്‍ണ്ണ കള്ളക്കടത്ത് വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. രൂപയുടെ മൂല്യം ഇടിയുന്നത് തടയാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് നികുതി 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയത്. എന്നാല്‍, ഈ നടപടി സ്വര്‍ണത്തിന്റെ സമാന്തര വിപണി അഥവാ 'ഗ്രേ മാര്‍ക്കറ്റ്' ശക്തിപ്പെടുത്തുമെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

കള്ളക്കടത്ത് കൂടുമെന്ന് പറയാന്‍ കാരണമെന്ത്?
മുന്‍കാല കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തീരുവ കൂടുമ്പോഴെല്ലാം സ്വര്‍ണ്ണ കള്ളക്കടത്തും സ്വര്‍ണ്ണം പിടിച്ചെടുക്കുന്നതും വര്‍ധിച്ചതായി കാണാം. 2022ല്‍ ഇറക്കുമതി തീരുവ 15 ശതമാനമാക്കിയപ്പോള് പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണത്തിന്റെ അളവ് ഇരട്ടിയായി. 2022 സാമ്പത്തിക വര്‍ഷം 2,172 കിലോ സ്വര്‍ണമാണ് പിടികൂടിയതെങ്കില്‍, 2023-ല്‍ ഇത് 4,343 കിലോയായി ഉയര്‍ന്നു. 2024-ല്‍ ആകട്ടെ ഇത് റെക്കോര്‍ഡ് വേഗത്തില്‍ 4,972 കിലോയിലെത്തി. നികുതി കൂടുമ്പോള്‍ നിയമവിരുദ്ധമായി സ്വര്‍ണം എത്തിക്കുന്നത് ലാഭകരമാകുന്നത് കൊണ്ടാണ് കള്ളക്കടത്ത് സംഘങ്ങള്‍ സജീവമാകുന്നത്.
ഇന്ത്യയുടെ ആകെ ഇറക്കുമതി ചെലവില്‍ 9 മുതല്‍ 10 ശതമാനം വരെ സ്വര്‍ണത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 72.4 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. വന്‍തോതില്‍ ഡോളര്‍ പുറത്തേക്ക് പോകുന്നത് തടയുക, ഇറക്കുമതി നിയന്ത്രിക്കുന്നതിലൂടെ രൂപയുടെ മൂല്യം ഇടിയുന്നത് തടയുക, വിദേശനാണ്യ ശേഖരം ചോരാതെ നോക്കുക എന്നിവയാണ് തീരുവ കൂട്ടിയതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാനുള്ള കടുത്ത നടപടിയാണെങ്കിലും, ഇത് കള്ളക്കടത്ത് സംഘങ്ങള്‍ക്ക് വളമാകുമോ എന്ന വലിയ വെല്ലുവിളിയാണ് കസ്റ്റംസിനും ഡിആര്‍ഐ പോലുള്ള ഏജന്‍സികള്‍ക്കും മുന്നിലുള്ളത്.


