എസ്എഫ്ഐ ജില്ലാ സെക്രട്ടറി ദിനനാഥൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ്  അച്യുതാനന്ദൻ തുടങ്ങിയ നേതാക്കളാണ് അനിലിനെ സ്വീകരിക്കാനെത്തിയത്

പാലക്കാട് : സ്പിരിറ്റ് കടത്തിയ കേസില്‍ ജാമ്യം കിട്ടിയ പ്രതിയെ ജയിലിലെത്തി വരവേറ്റ് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾ. സ്പിരിറ്റ് കടത്തിയതിന് ജയിലിലായിരുന്ന അത്തിമണി അനിലിലാണ് എസ്എഫ്ഐ – ഡിവൈഎഫ്ഐ നേതാക്കൾ വരവേല്‍പ്പ് നല്‍കിയത്. രണ്ട് മാസമായി റിമാൻഡിലായിരുന്നു സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറികൂടിയായിരുന്ന അനില്‍. ജാമ്യം കിട്ടി പുറത്തിറങ്ങിയ അനിലിനെ എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുളളവർ ജയിലിലെത്തി സ്വീകരിക്കുകയായിരുന്നു.

ഇടത് യുവജന സംഘടനകളുടെ സമൂഹ മാധ്യമ കൂട്ടായ്മകളിലാണ് അനിലിനെ വരവേൽക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നത്. സ്പിരിറ്റ് കേസിൽ റിമാൻഡിലായിരുന്ന അത്തിമണി അനിലിനെ ചിറ്റൂർ സബ്ജയിലിന് മുന്നിൽ എതിരേൽക്കുന്ന നേതാക്കൾ എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്.. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ദിനനാഥൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് അച്യുതാനന്ദൻ തുടങ്ങിയ നേതാക്കളാണ് അനിലിനെ സ്വീകരിക്കാനെത്തിയത്. 

സ്പിരിറ്റ് കേസിനെ തുടർന്ന് അനിലിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും ജില്ലാനേതാക്കൾ ഉൾപ്പെടെയുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഇത് നിലനിൽക്കെയാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾ അനിലിനെ സ്വീകരിക്കാനെത്തിയത്. ദൃശ്യങ്ങൾ ഇവർ തന്നെയാണ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതും.

മെയ് 5നാണ് അനിലിനെ സ്പിരിറ്റ് കേസിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തത്തമംഗലത്ത് വച്ച് 480 ലിറ്റർ പിടികൂടിയ കേസിലെ രണ്ടാംപ്രതിയാണ് ഇയാൾ. തുടർന്ന് ഒളിവിൽ പോയ അനിലിനെ 5 ദിവസങ്ങൾക്ക് ശേഷമാണ് എക്സൈസ് സംഘം പിടികൂടിയത്. 

തന്നെ പ്രാദേശിക രാഷ്ട്രീയ തർക്കത്തിന്‍റെ ബലിയാടാക്കിയതാണെന്ന് അന്ന് അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇയാൾ പിടിയിലായതും. ജില്ലയിലെ സിപിഎം നേതാക്കളുമായും ഉന്നത എക്സൈസ് ഉദ്യോഗസ്ഥരുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. 

പാലക്കാട് കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ കളള് നിർമ്മാണ സംഘത്തിലെ പ്രധാന കണ്ണിയാണ് അത്തിമണി അനിൽ. പിടിയിലായ സഹായി മണിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ റെയ്ഞ്ച് എക്സൈസ് സംഘമാണ് അത്തിമണി അനിലിനെ അറസ്റ്റ് ചെയ്യുന്നത്. 

സ്പിരിറ്റ് പിടികൂടിയ ഉടൻ തന്നെ, കേസ്സൊഴിവാക്കാനായി നിരവധി സിപിഎം നേതാക്കൾ എക്സൈസിനെ തുടർച്ചയായി ബന്ധപ്പെട്ടതായും ആരോപണമുയർന്നിരുന്നു. നേരത്തെ അതിർത്തി പ്രദേശത്ത് പിടികൂടിയ 2000 ലിറ്ററിലേറെ സ്പിരിറ്റിലും ഇയാൾക്ക് പങ്കുണ്ടെന്നും വിവരമുണ്ടായിരുന്നു. 

ഇയാളുടെ തെങ്ങ് ചെത്ത് കേന്ദ്രത്തില്‍ എത്ര കള്ള് ഉത്പാദിപ്പിച്ചിരുന്നുവെന്നതിന്‍റെ കണക്ക് പോലും എക്സൈസ് സംഘത്തിന്‍റെ കൈവശമുണ്ടായിരുന്നില്ല. ജില്ലാ എക്സൈസ് സംഘത്തിന് വീഴ്ച പറ്റിയതായും എക്സൈസ് ഇന്‍റലിജൻസ് കണ്ടെത്തിയിരുന്നു. മീനാക്ഷീപുരത്തുളള തെങ്ങിൻതോപ്പുകളിലേക്കാണ് അത്തിമണി അനിൽ സ്പിരിറ്റെത്തിക്കാൻ ശ്രമിച്ചതെന്നായിരുന്നു വിവരം.