അതേസമയം ഭക്ഷ്യ എണ്ണയുടെ വില ഉയരുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിക്കും. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വളങ്ങൾക്കും അണുനാശിനികൾക്കും വില ഉയരുമെന്നാണ് റിപ്പോർട്ട്
ദില്ലി : റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിന്റെ ആനുകൂല്യം ലഭിക്കുക ഇന്ത്യൻ കർഷകർക്ക്. കാർഷികോൽപ്പന്നങ്ങൾക്ക് വന്നേക്കാവുന്ന ലഭ്യതക്കുറവും വിലക്കയറ്റവും ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയെ പരിപോഷിപ്പിക്കുമെന്ന് ക്രൈസിൽ റിസർച്ച് റിപ്പോർട്ട് പറയുന്നു.
ഗോതമ്പ്, ചോളം എന്നിവയ്ക്ക് ഇപ്പോൾതന്നെ വില വർധിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ഗോതമ്പിന്റെ പ്രധാനപ്പെട്ട രണ്ട് ഉൽപാദകരും മുഖ്യ കയറ്റുമതി രാഷ്ട്രങ്ങളുമാണ് റഷ്യയും യുക്രൈനും. ഇവർ തമ്മിൽ യുദ്ധത്തിൽ ഏർപ്പെടുന്നത് ധാന്യവിളകൾ ഉൽപാദിപ്പിക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് നേട്ടമാണ്.
അതേസമയം ഭക്ഷ്യ എണ്ണയുടെ വില ഉയരുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വർധിപ്പിക്കും. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വളങ്ങൾക്കും അണുനാശിനികൾക്കും വില ഉയരുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഖരിഫ് സീസണിൽ ഇന്ത്യയിൽ കാർഷികോൽപ്പാദന രംഗത്ത് ചെലവുകൾ ഉയരും.
ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ആഗോള ഉൽപാദനത്തിന്റെ 14% വരുമിത്. എന്നാൽ ആഭ്യന്തര ഉപഭോഗം ഉയർന്നിരിക്കുകയാണ്. വെറും മൂന്നു ശതമാനം മാത്രമാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഗോതമ്പ്. റഷ്യയും യുക്രൈനും ചേർന്ന് 14% ഗോതമ്പ് ഉല്പാദിപ്പിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ഇവർ കയറ്റുമതി ചെയ്യുകയാണ്. ലോക രാഷ്ട്രങ്ങൾക്ക് ധാന്യവിളകളുടെ പ്രതിസന്ധി ഉണ്ടാകുമ്പോൾ ആശ്രയിക്കാവുന്ന പേരാണ് ഇന്ത്യ.
ചോളം കയറ്റി അയക്കുന്ന മൂന്നാമത്തെ വലിയ രാജ്യമാണ് യുക്രൈൻ. ഇവരുടെ ഉൽപ്പാദനം കുറയുന്നതും കയറ്റുമതി തടസ്സപ്പെടുന്നതും ഇന്ത്യയിൽ നിന്നുള്ള ചോളത്തിന് ഡിമാൻഡ് വർദ്ധിപ്പിക്കും. ഇത് കർഷകർക്ക് നേട്ടമാകും.
