പത്തനംതിട്ട: പത്തനംതിട്ടയിൽ ആശങ്ക ഒഴിയുന്നു. പമ്പ അണക്കെട്ടിലെ ജല നിരപ്പ് 55 സെന്റീമീറ്റർ താഴ്ന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറവായതിനാൽ ഡാമിലേക്ക് വരുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ട്. ഷട്ടറുകൾ തുറന്നാൽ വെള്ളം കയറുമെന്ന് പ്രതീക്ഷിച്ചിരുന്ന റാന്നി അടക്കമുള്ള പ്രദേശങ്ങളിൽ അപകടകരമായ നിലയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. 

അണക്കെട്ടിലെ ജലനിരപ്പ് 982 മീറ്ററിന് താഴെ എത്തിയാൽ നാല് ഷട്ടറുകൾ അടയ്ക്കും. പമ്പയുടേയും കക്കാട്ടാറിന്റെയും തീരങ്ങളിൽ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ 22 അംഗ എൻഡിആർഎഫ് സംഘവും,30 മത്സ്യത്തൊഴിലാളികളേയും ജില്ലയിൽ ക്രമീകരിച്ചിട്ടുണ്ട്.

അതേ സമയം മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ശബരിമല പാതയിൽ, അട്ടത്തോട് മുതൽ ചാലക്കയം വരെയുള്ള ഭാഗത്ത് ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.