വയനാട്: സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുവെന്ന് വയനാട് കളക്ടര്‍ അദീല അബ്ദുല്ല. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ലഘുലേഖ ഏറ്റുവാങ്ങുന്ന തന്‍റെ ചിത്രം രാഷ്ട്രീയം കലർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ഇന്നലെ കളക്ടര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ ഇതേവിഷയത്തില്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നതായി കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് പ്രചാരണമെന്നും കളക്ടര്‍ പറയുന്നു. 

വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.  ഓഫീസില്‍ തന്നെ കാണാന്‍വന്ന ബിജെപി പ്രവർത്തകരില്‍നിന്നും ജില്ലാ ഭരണാധികാരിയെന്ന നിലയില്‍ ലഘുലേഖ ഏറ്റുവാങ്ങുകമാത്രമാണ് ചെയ്തതെന്ന് ഇന്നലെ തന്നെ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ലഘുലേഖ ഏറ്റുവാങ്ങുന്ന ചിത്രം ഉപയോഗിച്ചുള്ള ചർച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്ന സാഹചര്യത്തിലായിരുന്നു കളക്ടറുടെ വിശദീകരണം.