എന്‍ എം വിജയന്‍ കടക്കാരനായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും കുടുംബം ആരോപിക്കുന്നു.  വിഡി സതീശനും കെ സുധാകരനും കത്തുകൾ നൽകിയിരുന്നു. കത്ത് കണ്ടിട്ടില്ലെന്ന ഇരുവരുടെയും വാദം തെറ്റാണെന്നും കുടുംബം.

വയനാട്: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബന്ധുക്കള്‍. മരണത്തിന് കാരണം കുടുംബ പ്രശ്നമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് പരത്തിയെന്ന ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിഡി സതീശനും കെ സുധാകരനും കത്തുകൾ നൽകിയിരുന്നു. കത്ത് കണ്ടിട്ടില്ലെന്ന ഇരുവരുടെയും വാദം തെറ്റാണ്. എന്‍ എം വിജയന്‍ കടക്കാരനായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും കുടുംബം ആരോപിക്കുന്നു. 

കെ സുധാകരനെ കത്ത് വായിച്ച് കേള്‍പ്പിച്ചു. കത്തിൽ വ്യക്തത ഇല്ലെന്നും പാര്‍ട്ടിയെക്കുറിച്ചല്ല ആളുകളെ കുറിച്ചാണ് പരാമര്‍ശമെന്ന് വിഡി സതീശന്‍ പറഞ്ഞു. ഐ സി ബാലകൃഷ്ണനെയും എന്‍ ഡി അപ്പച്ചനെയും കത്തികളെ കുറിച്ച് അറിയിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. പേരുകള്‍ പരാമര്‍ശിച്ച കത്ത് കണ്ടതിന് ശേഷം രണ്ട് പേരുടെയും സമീപനം മാറി. ഇത്രയും കാലം പാർട്ടിക്ക് വേണ്ടി നടന്നിട്ട് അനുശോചനം രേഖപ്പെടുത്താന്‍ പോലും നേതാക്കള്‍ വിളിച്ചില്ലെന്നും എന്‍ എം വിജയന്‍റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Also Read:  എൻഎം വിജയൻ തയ്യാറാക്കിയ 4 മരണക്കുറിപ്പുകൾ പുറത്ത്, സുധാകരനുളള പ്രത്യേക കത്തിൽ പണം വാങ്ങിയ നേതാക്കളുടെ പേരുകൾ

ഐസി ബാലകൃഷ്ണനും ഇപ്പോഴത്തെ അർബൻ ബാങ്ക് പ്രസിഡന്‍റ് ഡിപി രാജശേഖരനും കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചെന്നും എന്‍ എം വിജയന്‍റെ കുടുംബം ആരോപിക്കുന്നു. കുടുംബത്തിനെതിരെ കുപ്രചാരണം ഉണ്ടായി. എൻ എം വിജയൻ കടക്കാരൻ ആയത് പാർട്ടിക്ക് വേണ്ടിയാണ്. പാർട്ടിക്കാർ ആരും സഹായിക്കാൻ തയ്യാറായില്ല. ആത്മഹത്യാക്കുറിപ്പ് ഉണ്ടെങ്കിൽ കൈമാറണമെന്ന് കോൺഗ്രസ് പ്രാദേശിക നേതാക്കൾ തുടർച്ചയായി ആവശ്യപ്പെട്ടതെന്നും കുടുംബം പറയുന്നു.