വയനാട്: ഇന്ന് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് വേൽമുരുകൻ ഒറീസയിലെ ആയുധ ഫാക്ടറി കൊള്ളയടിച്ച സംഘത്തിലെ മുഖ്യപ്രതിയെന്ന് പൊലീസ്. പൊലീസിന്റെ ആയുധപ്പുര കൊള്ളയടിച്ച മാവോയിസ്റ്റുകൾ തോക്കുകൾ മോഷ്ടിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.

പോസ്റ്റ്‌മോർട്ടം നാളെ നടക്കും. നാളെ വനത്തിൽ ഫോറൻസിക് സംഘത്തിന്റെ പരിശോധനയും നടക്കും. വയനാട്, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒൻപത് കേസുകൾ വേൽമുരുകനെതിരെ ഉണ്ട്. തമിഴ്‌നാട്ടിലും വേൽമുരുകനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.

കൊല്ലപ്പെട്ടത് വേൽമുരുകനാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് വയനാട് എസ്‌പി ജി പൂങ്കുഴലി പറഞ്ഞു. ഇയാളുടെ ബന്ധുക്കൾ ഇതുവരെ സമീപിച്ചില്ല. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് മാധ്യമങ്ങളെ കയറ്റി വിടാതിരുന്നത്. ഒരാൾക്ക് പരിക്കേറ്റത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസിൽ ആർക്കും പരിക്കില്ല. ബാലിസ്റ്റിക് വിദഗ്ദ്ധരുടെ സംഘം സ്ഥലത്ത് പരിശോധന നടത്തും. നാളെയും മേഖലയിൽ തിരച്ചിൽ നടത്തുമെന്നും എസ്‌പി പറഞ്ഞു.