വയനാട്: ഇന്ന് രാവിലെ മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപത്ത് നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾക്ക് പരിക്കേറ്റിരിക്കാമെന്ന് പൊലീസ്. ഇതോടെ ബാണാസുര വനമേഖലയിൽ തണ്ടർബോൾട്ട് സംഘത്തിന്റെ വെടിയേറ്റത് മൂന്ന് പേർക്കാണെന്ന് വ്യക്തമായി. പരിക്കേറ്റ രണ്ട് പേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും പൊലീസ് പറയുന്നു. ഇവർ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് നേരത്തെ സൂചന ലഭിച്ചെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. ഇവർക്ക് വൈദ്യസഹായം ലഭിച്ചോയെന്ന വിവരവും പുറത്തുവന്നിട്ടില്ല.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് വേൽമുരുകനാണെന്നാണ് പൊലീസ് പറയുന്നത്. ഒറീസയിലെ ആയുധ ഫാക്ടറി കൊള്ളയടിച്ച സംഘത്തിലെ മുഖ്യപ്രതിയാണ് ഇയാൾ. പൊലീസിന്റെ ആയുധപ്പുര കൊള്ളയടിച്ച മാവോയിസ്റ്റുകൾ ഇവിടെ നിന്ന് തോക്കുകൾ മോഷ്ടിച്ചിരുന്നു. വയനാട്, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒൻപത് കേസുകൾ വേൽമുരുകനെതിരെ ഉണ്ട്. തമിഴ്‌നാട്ടിലും വേൽമുരുകനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച മൃതദേഹത്തിൽ പോസ്റ്റ്മോർട്ടം പരിശോധന നാളെ നടക്കും. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നാളെ ഫോറൻസിക് സംഘം പരിശോധന നടത്തും. കൊല്ലപ്പെട്ടത് വേൽമുരുകനാണോയെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് വയനാട് എസ്‌പി ജി പൂങ്കുഴലി പറഞ്ഞു. ഇയാളുടെ ബന്ധുക്കൾ ഇതുവരെ സമീപിച്ചില്ല. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് മാധ്യമങ്ങളെ കയറ്റി വിടാതിരുന്നത്. ഒരാൾക്ക് പരിക്കേറ്റത് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസിൽ ആർക്കും പരിക്കില്ല. ബാലിസ്റ്റിക് വിദഗ്ദ്ധരുടെ സംഘം സ്ഥലത്ത് പരിശോധന നടത്തും. നാളെയും മേഖലയിൽ തിരച്ചിൽ നടത്തുമെന്നും എസ്‌പി പറഞ്ഞു.