കൽപ്പറ്റ: വയനാട് ബപ്പന മലയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ജില്ലാ പൊലീസ് മേധാവി ജി പൂങ്കുഴലി. മാവോയിസ്റ്റുകൾ കാട്ടിനകത്ത് തമ്പടിച്ചിരുന്നതല്ലെന്നും ഇതുവഴി കടന്നുപോവുകയായിരുന്നുവെന്നും എസ്‌പി പറഞ്ഞു. മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടൽ ഇന്നലെ ദിവസം 9:15 നാണ് ഉണ്ടായതെന്നും കുറേ സമയം വെടിവെയ്പ്പ് ഉണ്ടായെന്നും എസ്‌പി പറഞ്ഞു.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകന്റെ മൃതദേഹം കുടുംബത്തിന് വിട്ടു നൽകും. ആരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഏറ്റുമുട്ടൽ പെട്ടെന്ന് ഉണ്ടായതാണ്. ആർക്കെങ്കിലും പരിക്കേറ്റോയെന്ന് അറിയില്ല. ഇക്കാര്യം അറിയാനായി രക്ത സാംപിൾ പരിശോധിക്കുന്നുണ്ട്. സംശയാസ്പദമായി ആരെങ്കിലും ആശുപത്രികളിൽ എത്തുന്നുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇന്നലെ പുലർച്ചെ വെടിവെയ്പ്പ് ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.

കൊല്ലപ്പെട്ട വേൽമുരുകന് വയനാട്ടിൽ മാത്രം ഏഴ് കേസുകളുണ്ട്. മാവോയിസ്റ്റുകൾ അവിടെ തമ്പടിച്ചിരുന്നതല്ല. കടന്നു പോകുകയായിരുന്നു. പ്രദേശത്ത് നിന്ന് രക്തസാംപിൾ ലഭിച്ചിട്ടുണ്ട്. രക്ത സാമ്പിൾ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിന്ന് എടുക്കും. ഇതിനായി ഡോക്ടറും ബന്ധുക്കളും പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.

അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ കൈയിലും നെഞ്ചിലും വയറിലും നിറയെ പരിക്കുണ്ടെന്നും നിരവധി തവണ തൊട്ടടുത്ത് നിന്നും വെടിയുതിർത്തുവെന്ന് സംശയിക്കുന്നതായും സഹോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യാജ ഏറ്റമുട്ടലാണ് നടന്നതെന്ന് ആരോപിച്ച വേൽമുരുകന്റെ സഹോദരൻ, കേസിൽ അന്വേഷണം ആവശ്യപ്പെട്ട് നാളെ മധുര ഹൈക്കോടതിയെ സമീപിക്കും. മോർച്ചറിയിൽ ആദ്യം മുഖം മാത്രമാണ് കാണിച്ചത്. പിന്നീട് നിർബന്ധിച്ചപ്പോഴാണ് ശരീരത്തിലെ തുണി മാറ്റി മൃതദേഹം മുഴുവനായി കാണാൻ അനുവദിച്ചതെന്നും മുരുകൻ പറഞ്ഞു.