വാളാട് : കൊവിഡ് സന്പർക്ക വ്യാപനം ഉണ്ടായ വയനാട് തവിഞ്ഞാൽ വാളാട് മുഴുവൻ ആദിവാസി കോളനികളിലും ആന്‍റിജൻ പരിശോധന തുടങ്ങി. ആദിവാസി വിഭാഗത്തിൽ പെടുന്ന രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഴുവൻ പേർക്കും പരിശോധന തുടങ്ങിയത്.

150 ൽ അധികം പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച വാളാട് കഴിഞ്ഞ ദിവസത്തെ പരിശോധനയിലാണ് ആദിവാസി കോളനികളിലുള്ളവർക്കും രോഗം ബാധിച്ചതായി വ്യക്തമായത്. വാളമടക്ക്, കോളിച്ചാൽ എന്നീ കോളനികളിലുള്ളവർക്ക് ആണ് രോഗം ബാധിച്ചത്. ഇവരുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നവരുടെ ആൻറി ജൻ പരിശോധനാ ഫലം നെഗറ്റീവ് ആണ്. 

ആദ്യം കോവിഡ് സ്ഥിരീകരിച്ച വാളാട് സ്വദേശികളുമായി സമ്പർക്കമുണ്ടായവരാണ് പൊസിറ്റീവ് ആയിരിക്കുന്നത്. വാളാട് ആകെ 12 കോളനികളുണ്ട്. ഇതു വരെ 1675 പേരെയാണ് രോഗവ്യാപനമുണ്ടായ മേഖലകളിൽ പരിശോധിച്ചത്. മരണാനന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവർക്കാണ് രോഗം ബാധിച്ചത്. ലാർജർ ക്ളസ്റ്ററായി മാറിയ ഇവിടെ കൂടുതൽ രോഗികളുണ്ടാകുമെന്നാണ് പരിശോധനാ ഫലങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 

അതിനിടെ കൊവിഡ് ചികിത്സയിൽ കഴിയുന്നവർ മോശമായി പെരുമാറുകയും ആരോഗ്യ പ്രവർത്തകരെ ഭീഷണിപെടുത്തുകയും ചെയ്ത സംഭവത്തിൽ 5 പേർക്കെതിരെ കേസ്സെടുത്തു. കൃത്യ നിർവ്വഹണം തs സ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം മാനന്തവാടി പോലീസാണ് കേസേടുത്തത്. സൗകര്യങ്ങളില്ലെന്ന് ആരോപിച്ചായിരുന്നു നല്ലൂർ നാട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിൽ കഴിയുന്നവർ ജീവനക്കാരെ ഭീഷണിപെടുത്തിയത്.