കോഴിക്കോട്: ജമ അത്തെ ഇസ്ലാമിക്ക് ക്ലീൻ ചിറ്റ് നൽകി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജമ അത്തെ ഇസ്ലാമി മതേതര സ്വഭാവമുള്ള സംഘടനയാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ അവർ മത രാഷ്ട്രവാദമെന്ന നയം മാറ്റി. നിലവിൽ മതേതര സ്വഭാവം ഉള്ളതിനാലാണ് ഈ തെരഞ്ഞെടുപ്പിൽ അവരുമായി കൂട്ടുകൂടിയത്. ഇത് യുഡിഎഫിന് ഗുണം ഉണ്ടാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

കണ്ണൂരിലും കോഴിക്കോട്ടെ ഉൾപ്രദേശങ്ങളിലും സി പി എം പ്രവർത്തകർ യുഡിഎഫ് പ്രവർത്തകരെ ആക്രമിച്ചു. ഇത് എൽ ഡി എഫിന്റെ പരാജയ ഭീതിയിലാണ്. പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയാൽ പാർട്ടി പ്രവർത്തകർ അനുസരിക്കണം. ഇല്ലെങ്കിൽ നടപടി എടുക്കും. ഇത് സ്വാഭാവികമാണ്. മുക്കത്തെ പാർട്ടിയിൽ തെരഞ്ഞെടുപ്പിന് മുൻപേ പ്രശ്നങ്ങളുണ്ട്.

യുഡിഎഫിന്റെ പിന്തുണയോടെ സംസ്ഥാനത്ത് ഒരു നഗരസഭയും ബിജെപി ഭരിക്കില്ല. കല്ലാമലയിലെ വിവാദവും വെൽഫെയർ പാർട്ടി വിവാദവും കോൺഗ്രസിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.