മണ്ണാർക്കാട്ടെ പൊതുപരിപാടിയിൽ വിദ്യാർത്ഥിയെ പരസ്യമായി അപമാനിച്ച മുൻ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കണമെന്ന് എം എസ് എഫ് ആവശ്യപ്പെട്ടു. കുട്ടിയെ വേദിയിലേക്ക് വിളിച്ച് ചെവിയിൽ നുള്ളിയ സംഭവം ബാലാവകാശ ലംഘനമാണെന്നും ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നും എം എസ് എഫ്.
പാലക്കാട്: മണ്ണാർക്കാട്ടെ പൊതുപരിപാടിക്കിടെ വിദ്യാർത്ഥിയെ പരസ്യമായി അപമാനിച്ച മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കണമെന്ന് എം എസ് എഫ്. കായികമായി ഉപദ്രവിച്ചത് ബാലവകാശ ലംഘനമാണെന്ന് എം എസ് എഫ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അമീൻ റാഷിദ് പ്രതികരിച്ചു. ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നാണ് ആവശ്യം. കുട്ടികളുടെ ആത്മാഭിമാനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന തരത്തിലുള്ള പെരുമാറ്റം മുൻ മന്ത്രിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നു. കുട്ടികളെ പഠിപ്പിക്കേണ്ടത് അപമാനത്തിലൂടെയോ ഭയപ്പെടുത്തലിലൂടെയോ അല്ല. മറിച്ച് പ്രോത്സാഹനത്തിലൂടെയും സ്നേഹത്തോടെയും ആത്മവിശ്വാസം വളർത്തിക്കൊണ്ടുമാണ്. സമൂഹത്തിന് മാതൃകയാകേണ്ടവർ ഇത്തരം മൂല്യങ്ങളാണ് ഉയർത്തിപ്പിടിക്കേണ്ടതെന്നും അമീൻ റാഷിദ് പ്രതികരിച്ചു.
കുട്ടികളെ അപമാനിച്ചിട്ടാണോ അനുമോദിക്കുക? ഇതെന്ത് മുൻ മന്ത്രിയാണെന്ന് അമീൻ റാഷിദ് ചോദിക്കുന്നു. കഴിഞ്ഞ സർക്കാരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി ഇങ്ങനെയാണോ പെരുമാറേണ്ടത്. വിദ്യാർത്ഥികളെ മാനസികമായി തകർക്കുന്നതും ചെവിയിൽ നുള്ളുന്നതുമൊന്നും അംഗീകരിക്കാനാവില്ല. വിദ്യാർത്ഥിയോട് എന്തോ ദേഷ്യമുള്ളതു പോലെയാണ് കെ ടി ജലീൽ പെരുമാറിയത്. മണ്ണാർക്കാട് കാണിച്ച ഷോയ്ക്ക് കെ ടി ജലീൽ മാപ്പ് പറഞ്ഞേ പറ്റൂ എന്നും എം എസ് എഫ് വ്യക്തമാക്കി.
കുട്ടിയുടെ ചെവിയിൽ നുള്ളി കെ ടി ജലീൽ
കെ ടി ജലീൽ മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യവേയാണ് വിവാദമായ സംഭവമുണ്ടായത്. സദസിലിരുന്ന കുട്ടികളോട് വേദിയിൽ നിന്ന് കെ ടി ജലീൽ ചോദിച്ചത് 'എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയോ?' എന്നാണ്. വേദിയിലേക്ക് വിളിച്ച് ഹിന്ദിയിൽ മാതാവിന്‍റെയും പിതാവിന്‍റെയും പേരും അഡ്രസും എഴുതാൻ ആവശ്യപ്പെട്ടു. ചില തെറ്റുകൾ വന്നപ്പോൾ കുട്ടിയെ വേദിയിൽ വച്ച് ചെവിയിൽ നുള്ളുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. തുടർന്ന് മുൻ മന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
