തൊണ്ണൂറിലധികം കൊല്ലമായി താമസിക്കുന്ന തുണ്ടുഭൂമിയിൽ കഴിയുന്നവർപോലും സർക്കാർ കണക്കിൽ കയ്യേറ്റക്കാരാണ്. ഇവരെ ഒഴിപ്പിക്കില്ലെന്ന് രാഷ്ടീയ നേതൃത്വം ആവർത്തിക്കുമ്പോഴും ഇവരുടെ മനസ്സിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നു, ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം  

ഇടുക്കി: കൈയ്യേറ്റമൊഴിപ്പിക്കാൻ വീണ്ടും ദൗത്യ സംഘം മൂന്നാറിലെത്തുമ്പോൾ നെഞ്ചുപിടയുന്നവർ ഒരുപാടാണ്. തൊണ്ണൂറിലധികം കൊല്ലമായി താമസിക്കുന്ന തുണ്ടുഭൂമിയിൽ കഴിയുന്നവർപോലും സർക്കാർ കണക്കിൽ കൈയ്യേറ്റക്കാരാണ്. ഇവരെ ഒഴിപ്പിക്കില്ലെന്ന് രാഷ്ടീയ നേതൃത്വം ആവർത്തിക്കുമ്പോഴും ഇവരുടെ മനസ്സിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുകയാണ്. മൂന്നാർ പട്ടണിത്തിലുള്ള ചില മനുഷ്യരുടെ ജീവിതങ്ങൾ ഒരു കഥയല്ല നേരെമറിച്ച് യാഥാർത്ഥ്യമാണ്.

മൂന്നാർ പട്ടണത്തിലെ ഇക്കാ നഗർ കോളനിയിലും ഇതുപോലെക്കുറച്ച് മനുഷ്യർ താമസിക്കുന്നുണ്ട്. മുപ്പതുക്കൊല്ലം മുൻപ് സർക്കാർ ഭൂമിയിലെ താമസക്കാരെന്ന പേരിൽ കുടിയൊഴിപ്പിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ ചെറുത്ത തൊഴിലാളി നേതാവ് ബി അബ്ദുൾ ഖാദറിന്‍റെ ഓർമയ്ക്കായാണ് ഇക്കാ നഗർ കോളനിയെന്ന് പ്രദേശത്തിന് അവിടുത്തുകാർ പേരിട്ടത്. എന്നാൽ മുന്നറിലേക്ക് എത്തുന്ന ദൗത്യസംഘം തയാറാക്കിയ കുടിയൊഴിപ്പിക്കപ്പെടേണ്ടവരുടെ പട്ടികയിൽ ഇക്കാ നഗറുകാരുമുണ്ട്.

92 കൊല്ലം മുൻപാണ് മൂന്നാർ ഹെ‍ഡ് വർക്സ് ഡാമിന്‍റെ നിർമാണത്തിനായി പ്രദേശത്തേക്ക് തൊഴിലാളികൾ എത്തിയത്. ഇവർ മൂന്നാർ പട്ടണത്തിൽ സർക്കാർ കാണിച്ചുകൊടുത്ത ഭൂമിയിൽ കുടിൽ കെട്ടി പാർപ്പുതുടങ്ങി. അങ്ങനെ രണ്ടും മൂന്നും സെന്‍റുമുതൽ പത്തുസെന്‍റുവരെ ഭൂമി ഇവരുടെ കൈവശമുണ്ടായിരുന്നു. അവരുടെ തലമുറകളിലെ 90 കുടുംബങ്ങളാണ് ഇപ്പോൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ മനംനൊന്ത് തേങ്ങുന്നത്. ഇക്കാനഗർ കോളനി വാസിയായ എഴുപത്തിരണ്ടുകാരി മണിക്ക് കണ്ണീർ തോർന്നിട്ട് നേരമില്ല, പകലിരവുകൾ കൊഴിഞ്ഞുണരുമ്പോൾ പതിറ്റാണ്ടുകളായി കഴിയുന്ന മണ്ണ് വിട്ടൊഴിയേണ്ടിവരുമോയെന്ന തേങ്ങലിലാണ് മണി. ഒന്നും സംഭവിക്കില്ലെന്ന് സ്വയം ആശ്വസിപ്പിക്കുമ്പോഴും ഇടയ്ക്കിടെ വരുന്ന കുടിയൊഴിപ്പിക്കൽ നോട്ടീസുകൾ മണിയുടെ നെഞ്ച് നീറ്റുന്നു. ഏത് ദൗത്യസംഘം വന്നാലും പിറന്ന മണ്ണ് വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് മണിയെപ്പോലെ പ്രദേശത്തുള്ള മറ്റുളളവരും.

Also Read: മഴക്കെടുതി; ജനങ്ങൾ ദുരിതത്തിൽ, മണ്ണിടിച്ചിലിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു; കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

ഇക്കാ നഗറിലെ വേറൊരു താമസക്കാരിയായ കാർമൽ ജ്യോതിക്കും ചിലത് പറയാനുണ്ട്. സർക്കാർ ഭൂമിയിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന തങ്ങൾക്ക് പട്ടയം വേണമെന്ന് പലവട്ടം ആവശ്യപ്പെട്ടതാണെന്നും എന്നാൽ ഒന്നും നടന്നില്ലെന്നും അവർ പറയുന്നു. ഇടയ്ക്കിടെ ഇടുക്കിയിലെ കൈയ്യേറ്റക്കാരുടെ പട്ടിയകയുണ്ടാക്കുമ്പോഴെല്ലാം ഇക്കാ നഗറുകാർ ഇടം പിടിയ്ക്കുമെന്നും ഇവർ പറയുന്നു. ഇത്തരം മനുഷ്യരുടെ ജീവിതങ്ങളുടെക്കാര്യത്തിൽ സർക്കാർ എന്ത് നിലപാടെടുക്കും എന്നാണ് ഇനി കണ്ടറിയേണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്