മേപ്പാടി: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നു. ആദിവാസികള്‍ക്കിടയില്‍ വ്യാപകമായി പ്രചാരണം നടത്തുന്ന മാവോയിസ്റ്റുകള്‍ക്ക് പ്രാദേശിക പിന്തുണയും കിട്ടുന്നത് പോലീസ് ഗൗരവമായാണ് കാണുന്നത്. അട്ടമലയില്‍ കഴിഞ്ഞ ബുധനാഴ്ച റിസോർട്ടിന് നേരെ ആക്രമണം നടത്തിയത് നാടുകാണിദളത്തിലെ വിക്രംഗൗഡയും സോമനും ഉള്‍പ്പെട്ട സംഘമാണെന്ന് പോലീസിന് സൂചന കിട്ടി

വൈത്തിരി താലൂക്കിലെ മേപ്പാടി മേഖലയിലെ അട്ടമല ചൂരല്‍മല മുണ്ടക്കൈ എന്നീ പ്രദേശങ്ങളിലാണ് മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നത്. ഈ പ്രദേശങ്ങളിലെ തോട്ടം തൊഴിലാളികള്‍ക്കിടയിലും ആദിവാസി കോളനികളിലും പകല്‍പോലും മാവോവാദികള്‍ കയറിയിറങ്ങുന്നുണ്ട്. ആക്രമണം നടന്നതിന്‍റെ തലേദിവസം അട്ടമലയിലെ ഏറാട്ടുകുണ്ട് ആദിവാസി കോളനിയിലെത്തി ഭക്ഷണം കഴിച്ചാണ് മാവോയിസ്റ്റ് സംഘം റിസോർട്ടിന് സമീപത്തേക്ക് പോയത്. നാടുകാണി ദളത്തിലെ സോമന്‍, വിക്രം ഗൗഡ, സന്തോഷ് , ജിഷ എന്നിവരാണ് കോളനിയിലെത്തി മണിക്കൂറുകള്‍ ചിലവിട്ടത്.

അട്ടമല റിസോർട്ട് ആക്രമണകേസില്‍ ഇതുവരെ ഔദ്യോഗികമായി ആരെയും പ്രതിചേർത്തിട്ടില്ല. ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കല്‍പറ്റ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.