Asianet News MalayalamAsianet News Malayalam

കാട്ടുപന്നി ആക്രമണത്തിന്‍റെ ഇരകൾക്ക് വാഹനാപകട മാതൃകയിൽ നഷ്ടപരിഹാരം പരിഗണനയില്‍; കൃഷി മന്ത്രി

സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണുന്നത് രാവിലെ പതിനൊന്നരയ്ക്കാണ്. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. 

wild boar attack motor accident model compensation under consideration says p prasad
Author
Kochi, First Published Nov 22, 2021, 10:51 AM IST


കൊച്ചി: കാട്ടുപന്നി ആക്രമണത്തിൻ്റെ (Wild boar attack) ഇരകൾക്ക് വാഹനാപകട മാതൃകയിൽ നഷ്ടപരിഹാരം നൽകുന്നത് ആലോചനയിലെന്ന് കൃഷിമന്ത്രി പി പ്രസാദ്. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും നൽകേണ്ട സഹായത്തെ കുറിച്ച് സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെന്ന് പറഞ്ഞ കൃഷിമന്ത്രി കർഷകർക്ക് എംഎസിടി മാതൃകയിൽ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അറിയിച്ചു. 

കാട്ടുപന്നി വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കൃഷി മന്ത്രി കൂട്ടിച്ചേർത്തു. കർ‌ഷക‌ർ കൃഷിയിൽ ഉറച്ചു നിൽക്കണം, നിലവിൽ കാട്ടുപന്നിയുടെ ആക്രമണം കാരണം കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്ന് കൃഷിമന്ത്രി സമ്മതിക്കുന്നു.

ഇന്ന് നിർണ്ണായക ചർച്ച

വന്യജീവി ആക്രമണത്തിന് പരിഹാരം തേടി ദില്ലിയിൽ ഇന്ന് നിർണായക ചർച്ച നടക്കാനിരിക്കെയാണ് കൃഷിമന്ത്രിയുടെ പ്രതികരണം. സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണുന്നത് രാവിലെ പതിനൊന്നരയ്ക്കാണ്. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നാണ് കേരളത്തിന്റെ ആവശ്യം. 

കാട്ടു പന്നികൾ ആളുകളെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും നിത്യ സംഭവമായതോടെയാണ് കേന്ദ്രത്തെ സമീപിക്കാനുള്ള കേരളത്തിന്റെ തീരുമാനം. നേരത്തെ ഇതേ ആവശ്യം അറിയിച്ചു സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. തുടർന്ന് കേന്ദ്രം കേരളത്തോട് വിവരങ്ങൾ തേടുകയും ചെയ്തു. ഈ നടപടികളിലെ പുരോഗതിയും മന്ത്രിയും സംഘവും കേന്ദ്ര മന്ത്രിയെ  അറിയിക്കും. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ വനം വകുപ്പിന്റെ അനുവാദമില്ലാതെ അവയെ വെടിവെച്ചു കൊല്ലാൻ കഴിയും. വനം വകുപ്പ് ഉദ്യോഗസ്ഥർക്കും വനംവകുപ്പിന്റെ അനുവാദത്തോടെ തോക്ക് ലൈസൻസ് ഉള്ളവർക്കുമാണ് ഇപ്പോൾ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ നിയമപരമായി അവകാശം ഉള്ളത്.

വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഷെഡ്യൂള്‍ മൂന്നില്‍ പെടുന്ന വന്യജീവിയാണ് കാട്ടുപന്നി. എന്നാല്‍ വനങ്ങളിലെന്നതുപോലെ ജനവാസ മേഖലകളിലും ഈ വന്യജീവി പെറ്റു പെരുകുന്നു. അതിനാല്‍ തന്നെ കേരളത്തില്‍ കാട്ടുപന്നികള്‍ എത്രത്തോളമെന്നോ എവിടെയെല്ലാമെന്നോ ആര്‍ക്കും വ്യക്തതയില്ല. എങ്കിലും ഏറ്റവുമധികം കൃഷിനാശമുണ്ടാക്കുന്ന ജീവികളലൊന്ന് ഇവയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. 

ഇതു പരിഗണിച്ചാണ് കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതും പിന്നീട് വ്യവസ്ഥകള്‍ ലളിതമാക്കിയതും. ഇവയുടെ എണ്ണം വച്ചുനോക്കുമ്പോള്‍ ശല്യം കൂടുതലുളള മേഖലകളില്‍  നിയന്ത്രിതമായി കൊന്നൊടുക്കകയാണ് വേണ്ടതെന്ന് കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വന്യ ജീവി ബോര്‍ഡിന് അപേക്ഷ നല്‍കിയത്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം വരാത്ത പക്ഷം മലയോര മേഖലകളിലെ കൃഷിമാത്രമല്ല ജനങ്ങളുടെ സ്വൈര്യജീവിതം തന്നെ പ്രതിസന്ധിയിലാകുമെന്ന നിലയിലാണ് കാര്യങ്ങള്‍.

Follow Us:
Download App:
  • android
  • ios