എല്ലാ ചികിത്സയും നൽകിയെന്നാണ് ഡോക്ടർമാർ വാക്കാൽ അറിയിച്ചതെന്നും റിപ്പോർട്ട് വന്നശേഷം പരിശോധിച്ച് തുടർ നടപടിയെടുക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

കോഴിക്കോട്: വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തില്‍ മരിച്ച പോളിന് യഥാസമയം ചികിത്സ കിട്ടിയില്ലെന്ന പരാതിയിൽ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ആക്രമണത്തെകുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശിച്ചു. അതേസമയം, ചികിത്സാപ്പിഴവെന്ന ആക്ഷേപത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. സാധ്യമായതെല്ലാം ചെയ്യാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. എല്ലാ ചികിത്സയും നൽകിയെന്നാണ് ഡോക്ടർമാർ വാക്കാൽ അറിയിച്ചത്. സംഭവത്തില്‍ റിപ്പോർട്ട് തേടും. റിപ്പോർട്ട് വന്നശേഷം പരിശോധിച്ച് തുടർ നടപടിയെടുക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് ഗുരുതരമായി പരുക്കേറ്റത്. അതീവ ഗുരുതരവസ്ഥയിലാണ് മാനന്തവാടിയിലെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. തുടര്‍ന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വയനാട്ടിൽ ഈ വർഷം മാത്രം 3 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്.കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോളിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോളിന് കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെന്നും മാനന്തവാടിയില്‍ യാതൊരു ചികിത്സയും നല്‍കിയില്ലെന്നും മകള്‍ ആരോപിച്ചിരുന്നു.

'എക്സാലോജിക്കിനെതിരായ അന്വേഷണം നിയമപരം'; ഹർജി തള്ളിയുള്ള കർണാടക ഹൈക്കോടതി വിധിയിലെ സുപ്രധാന വിവരങ്ങൾ പുറത്ത്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live | Election 2024 #Asianetnews