ആറ് ആനകളടങ്ങുന്ന കൂട്ടത്തെ വനം വാച്ചര്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്. നാളെകൂടി നിരീക്ഷിച്ച് ഇവയുടെ നീക്കം മനസിലാക്കിയ ശേഷം കൂങ്കിയാനകളെ ഉപയോഗിച്ച് ഓടിക്കാമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.

വയനാട്: വയനാട് മേപ്പാടി എളിമ്പിലേരിയില്‍ വിനോദസഞ്ചാരിയായ യുവതിയടക്കം രണ്ടുപേരെ കുത്തികോന്ന കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് നടപടി തുടങ്ങി. മുത്തങ്ങയില്‍ നിന്നും കുങ്കിയാനകളെയെത്തിച്ച് നിലമ്പൂര്‍ കാട്ടിലേക്ക് കാട്ടാനകൂട്ടത്തെ തുരത്താനാണ് വനംവകുപ്പിന്‍റെ ശ്രമം. മുപ്പതിലധികം ഉദ്യോഗസ്ഥര്‍ ശ്രമിച്ചാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഇവയെ മേപ്പാടിയില്‍ നിന്ന് തുരത്താമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.

കൂന്നുമ്പറ്റയില്‍ നിന്നും 5 കിലോമീറ്റര്‍ ഉള്ളിലുള്ള തോട്ടഭൂമിയിലാണ് കാട്ടാനകൂട്ടമുള്ളത്. വിനോദസഞ്ചാരിയായ യുവതി മരിച്ച എളമ്പിലേരിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ആറ് ആനകളടങ്ങുന്ന കൂട്ടത്തെ വനം വാച്ചര്‍മാര്‍ നിരീക്ഷിക്കുന്നുണ്ട്. നാളെകൂടി നിരീക്ഷിച്ച് ഇവയുടെ നീക്കം മനസിലാക്കിയ ശേഷം കൂങ്കിയാനകളെ ഉപയോഗിച്ച് ഓടിക്കാമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. കാട്ടാനകൂട്ടത്തെ ഓടിക്കുന്നതിലൂടെ 20 കിലോമീറ്റര്‍ ചൂറ്റളവിലുള്ള നാട്ടുകാരുടെ ഭീതി ഇല്ലാതാകും മേപ്പാടി പഞ്ചായത്തിന്‍റെ പൂര്‍ണ്ണ സഹകരണത്തോടെയാണ് നീക്കം.

കാട്ടാനയെ ഓടിക്കുന്നതിനായി വനംവകുപ്പിന്‍റെ മുഴുവന്‍ സംവിധാനങ്ങളും നാളെ കുന്നമ്പറ്റയിലെത്തും. ആനയെ ഓടിക്കുന്നതില്‍ പ്രത്യേകം പരിശീലനം നേടിയ കോഴിക്കോടുനിന്നുള്ള വനപാലകരുടെ സംഘവും മേപ്പാടിയിലെത്തുന്നുണ്ട്.