ഡോ. ഹാരിസ് ചിറക്കലിനെതിരായ അന്വേഷണ റിപ്പോർട്ട് വിദഗ്ധ സമിതി സമർപ്പിച്ചു. റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയ ശേഷം തുടർനടപടികൾ ഉണ്ടാകും
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും തുറന്നടിച്ച ഡോക്ടർ ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നാലംഗ വിദഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് വിദഗ്ധ സമിതി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചു. ആലപ്പുഴ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്. വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നാളെ ആരോഗ്യ മന്ത്രിക്ക് കൈമാറും. ശേഷമാകും ഇതിൻമേലുള്ള തുടർ നടപടി. ഹാരിസിനെതിരെ നടപടിയുണ്ടാകുമോയെന്നതറിയാനായി കേരളം ഉറ്റുനോക്കുകയാണ്.
അതേസമയം ഇന്നലെ മുഖ്യമന്ത്രി നടത്തിയ കുറ്റപ്പെടുത്തലിൽ വേദനയില്ലെന്ന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ ഇന്ന് വ്യക്തമാക്കിയിരുന്നു. നടപടിയുണ്ടാകുമെന്ന് കരുതിയുള്ള പ്രൊഫഷണൽ സൂയിസൈഡാണ് നടത്തിയതെന്നാണ് ഡോക്ടറുടെ പ്രതികരണം. തനിക്കെതിരെ നടപടി ഉണ്ടായാലും നിലപാട് തുടരുമെന്ന് ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ.
ചികിത്സക്കിടെ നേരിട്ട പ്രതിസന്ധികൾ വിദഗ്ധസമിതിയോട് തുറന്നുപറഞ്ഞെന്ന് ഹാരിസ് വ്യക്തമാക്കി. താൻ മന്ത്രിയേയും മന്ത്രിസഭയേയും കുറ്റപ്പെടുത്തിയിട്ടില്ല. തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയുമുണ്ടായാലും നിലപാട് തുടരും. ബ്യൂറോക്രസിയുടെ വീഴ്ച പരിഹരിക്കണം. പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകുമെന്നും ഡോ ഹാരിസ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിൽ വിഷമമില്ലെന്നും അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഹാരിസ് ചിറയ്ക്കൽ പറയുന്നു. എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുറന്ന് പറച്ചിൽ കൊണ്ട് ഉപകരണങ്ങൾ എത്തി സ്ഥിതി മാറിയ കാര്യമാണ് വിമർശകരോട് ഡോക്ടർ ഓർമ്മിപ്പിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതിന്‍റെ പേരിൽ തുറന്നടിച്ച ഡോ. ഹാരിസ് ചിറയ്ക്കൽ ഇപ്പോൾ സംതൃപ്തനാണ്. ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിയതിൽ സംതൃപ്തനാണെന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സന്തോഷം തോന്നുന്ന നിമിഷങ്ങളെന്നാണ് ഹാരിസ് ചിറയ്ക്കലിന്‍റെ പ്രതികരണം. യൂറോളജി വകുപ്പിലേക്ക് ആവശ്യമായ ശസ്ത്രക്രിയ ഉപകരണം ഇന്നലെ എത്തിച്ച് ശസ്ത്രക്രിയകൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർ പ്രതികരിച്ചത്.
അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും സി പി എമ്മും ഒന്നടങ്കം തള്ളിയതോടെ ഡോ ഹാരിസിനെതിരെ വകുപ്പ് തല നടപടിക്ക് സാധ്യതയേറിയിട്ടുണ്ട്. നടപടിക്ക് നീങ്ങിയാൽ എതിർക്കും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. ആദ്യം ഡോ. ഹാരിസിനെ കൂടെ നിർത്തി സ്വയംരക്ഷ തീർത്ത ആരോഗ്യ മന്ത്രി വീണ ജോർജ്, മുഖ്യമന്ത്രി പിണറായിയുടെ വിമർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായിട്ടില്ല.

