Asianet News MalayalamAsianet News Malayalam

തോട്ടങ്ങളില്‍ ഫലവൃക്ഷകൃഷി അനുവദിക്കുന്നത് പരിഗണിക്കും: മുഖ്യമന്ത്രി

പാല്‍ ഉല്പാദനത്തില്‍ കേരളം സ്വയം പര്യാപ്തതയിലേക്ക് അടുക്കുകയാണ്. കഴിയാവുന്നത്ര വീടുകളില്‍ പശുവളര്‍ത്തല്‍ വേണം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. എല്ലാ പഞ്ചായത്തുകളിലും പശു ഫാമുകള്‍ വേണം. ജനങ്ങള്‍ കൂടുതലായി ഇതിലേക്ക് വരുമ്പോള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പിന്തുണയുണ്ടാകണം.

will consider fruit farming in plantations says CM Pinarayi Vijayan
Author
Thiruvananthapuram, First Published Jun 21, 2020, 12:01 PM IST

തിരുവനന്തപുരം: തോട്ടങ്ങളുടെ അടിസ്ഥാന സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് ഫലവൃക്ഷങ്ങള്‍ കൃഷി ചെയ്യാന്‍ അനുവദിക്കുന്നതിന് ബന്ധപ്പെട്ട നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതൊരു നയപരമായ പ്രശ്നമാണ്. എല്‍ഡിഎഫ് കൂടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. ഈ മാറ്റം വരുത്തിയാല്‍ കാര്‍ഷിക മേഖലയില്‍ വലിയ മാറ്റമുണ്ടാകും. കാര്‍ഷികോല്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന 'സുഭിക്ഷകേരളം' പദ്ധതിയില്‍ തോട്ടം മേഖലക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടില്‍' സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് കൃഷിയോടുള്ള താല്പര്യം വര്‍ധിച്ചുവരികയാണ്. കാര്‍ഷിക സംസ്കാരത്തിന്‍റെ തിരിച്ചുവരവാണിത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യാനാണ് 'സുഭിക്ഷകേരളം' ആവിഷ്കരിച്ചത്. ഉല്പാദനം വര്‍ധിക്കുമ്പോള്‍ വിപണി വിപുലമാക്കണം. ശാസ്ത്രീയമായ വിപണന സംവിധാനം ഏര്‍പ്പെടുത്തും. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പരമാവധി പ്രയോജനപ്പെടുത്തും. കൃഷി ജോലിക്ക് ആളുകളെ കിട്ടാത്ത പ്രശ്നം പരിഹരിക്കുന്നതിന് പ്രാദേശികതലത്തില്‍ ലേബര്‍ ബാങ്ക് രൂപീകരിക്കുന്ന കാര്യം ആലോചിക്കും. 

പാല്‍ ഉല്പാദനത്തില്‍ കേരളം സ്വയം പര്യാപ്തതയിലേക്ക് അടുക്കുകയാണ്. കഴിയാവുന്നത്ര വീടുകളില്‍ പശുവളര്‍ത്തല്‍ വേണം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. എല്ലാ പഞ്ചായത്തുകളിലും പശു ഫാമുകള്‍ വേണം. ജനങ്ങള്‍ കൂടുതലായി ഇതിലേക്ക് വരുമ്പോള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പിന്തുണയുണ്ടാകണം. പാല്‍ ഉല്പാദനം വര്‍ധിക്കുമ്പോള്‍ നാം മൂല്യവര്‍ധിത ഉല്പന്നങ്ങളിലേക്ക് പോകണം. കേരളത്തില്‍ പാല്‍പ്പൊടി ഫാക്ടറി വേണം. പാല്‍പ്പൊടി ഫാക്ടറി സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ സ്വകാര്യ പങ്കാളിത്തവുമാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരള കാര്‍ഷിക സര്‍വകലാശാല എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ഡോ. ജിജു പി. അലക്സ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. രാജീവ്, അസോസിയേഷന്‍ ഓഫ് പ്ലാന്‍റേഴ്സ് കേരള ജനറല്‍ സെക്രട്ടറി ബി. അജിത്, സിനിമാനടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്, ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് കര്‍ഷകരെ സഹായിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയുടെ പ്രതിനിധി ദിവ്യ തോമസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം സംവാദത്തില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios