Asianet News MalayalamAsianet News Malayalam

പുറത്തായ ജോസ് കെ മാണി എങ്ങോട്ട്? 'എല്ലാ വാതിലുകളും തുറന്നിരിക്കുന്നു' എന്ന് എൻഡിഎ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കുന്ന ആർക്കും മുന്നണിയിലേക്ക് വരാമെന്നാണ് എൻഡിഎയുടെ നിലപാട്. കേരളത്തിലെ ഏതൊക്കെ പാർട്ടികളെ മുന്നണിയിലേക്ക് ക്ഷണിക്കാനാകുമെന്ന് പരിശോധിക്കാൻ എൻഡിഎ ഒരു ഉപസമിതിയെ ചുമതലപ്പെടുത്തി.

will jose k mani move to nda front to consider all moves
Author
Thiruvananthapuram, First Published Jun 29, 2020, 4:08 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം/ കോട്ടയം: യുഡിഎഫിൽ നിന്ന് പുറത്തായ ജോസ് കെ മാണി ഇനി എങ്ങോട്ട് പോകും? കേരളരാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രശാലിയായ രാഷ്ട്രീയക്കാരനായിരുന്ന മുൻധനമന്ത്രി കെ എം മാണിയുടെ മകൻ ഇനി ഏത് മുന്നണിയിലേക്ക് പോകണമെന്ന ആശയക്കുഴപ്പത്തിലാണ്. ആദ്യം ജോസ് കെ മാണി നയം വ്യക്തമാക്കട്ടെ എന്ന നിലപാടിൽ ഇടതുമുന്നണി ഉറച്ച് നിൽക്കുമ്പോൾ, എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്ന നിലപാടിലാണ് എൻഡിഎ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കുന്ന ഏത് പാർട്ടിക്കും എൻഡിഎയിലേക്ക് സ്വാഗതമെന്നതാണ് കേരളത്തിലെ ബിജെപിയുടെ നിലപാട്. കേരളത്തിലെ ഏതൊക്കെ പാർട്ടികളെ മുന്നണിയിലേക്ക് ക്ഷണിക്കാനാകുമെന്ന് പരിശോധിക്കാൻ എൻഡിഎ ഒരു ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് എംപിമാരുള്ള പാർട്ടിയാണ് കേരളാ കോൺഗ്രസിലെ ജോസ് കെ മാണി പക്ഷം. അവരെ ഒപ്പം കൂട്ടാനായാൽ അത്  കേരളത്തിലെ എൻഡിഎയ്ക്ക് വലിയ നേട്ടം തന്നെയാണ്.

പാലായിൽ പതിറ്റാണ്ടുകൾ അനിഷേധ്യനായ നേതാവായി തുടർന്ന നേതാവാണ് കെ എം മാണി. കേരളത്തിലെന്നല്ല, ഇന്ത്യയിൽത്തന്നെ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ 'കെ എം മാണി റെക്കോഡ്' ഇതുവരെ തകർന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് കെ എം മാണിയുടെ മകൻ നേതൃത്വം നൽകുന്ന വിഭാഗത്തെ ഒപ്പം കൂട്ടാനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കുന്നത്.

മധ്യകേരളത്തിലെ ക്രിസ്ത്യൻ ജനസമൂഹത്തിനിടയിൽ സ്വാധീനം വളർത്തിയെടുക്കാൻ കഴിഞ്ഞ കുറച്ചുകാലമായി ബിജെപി ശക്തമായി ശ്രമിച്ച് വരികയാണ്. മാർത്തോമാ സഭയുടെ മെത്രാപ്പൊലീത്തയുടെ 90-ാം ജന്മവാർഷികച്ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത് തന്നെ ഉദാഹരണം. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ജീവിതം സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും ഉന്നമനത്തിനായി സമർപ്പിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു. മാർത്തോമ സഭയ്ക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക പങ്കുണ്ട്. ഇന്ത്യൻ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നും മാർത്തോമസഭ നിൽക്കുന്നതെന്നത് അഭിമാനകരമായ കാര്യമാണെന്നും സഭ ദേശീയ ഐക്യത്തിന് നൽകുന്ന സേവനം മഹത്തരമാണെന്നും അദ്ദേഹം പ്രകീർത്തിച്ചു.

ഹിന്ദുസമൂഹത്തോടും ക്രൈസ്തവസമൂഹത്തോടും വിവേചനം കാണിച്ചുകൊണ്ടാണ് പല ക്ഷേമപദ്ധതികളും നടപ്പാക്കുന്നത് എന്ന ആരോപണം മുതൽ, വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷൻമാരുമായുള്ള ബിജെപി നേതാക്കളുടെ ആശയവിനിമയം വരെ, ക്രിസ്ത്യൻ സമൂഹത്തെ ഒപ്പം നിർത്താൻ കേന്ദ്രനേതൃത്വത്തിന്‍റെ നിർദേശപ്രകാരം സംസ്ഥാനനേതൃത്വം കിണഞ്ഞ് പരിശ്രമിക്കുകയാണ്. 

കേരളത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പായി ക്രിസ്ത്യൻ സ്വാധീനമുള്ള പാർട്ടികളെ പരമാവധി മുന്നണിയിലെത്തിക്കുക എന്നതാണ് എൻഡിഎയ്ക്ക് മുന്നിലെ ലക്ഷ്യം. പൗരത്വനിയമഭേദതി പ്രക്ഷോഭം രാജ്യത്തെ ന്യൂനപക്ഷങ്ങളിലുണ്ടാക്കിയ ഭീതിയിൽ നിന്ന് ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളെ വേർതിരിച്ച് ക്രിസ്ത്യൻ സമൂഹത്തെ ഒപ്പം നിർത്താൻ ബിജെപി ശ്രമിക്കുന്നുണ്ട്. 

അംഗത്വവിതരണക്യാമ്പെയ്ൻ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഗൾഫിലെയും അമേരിക്കയിലെയും പ്രവാസികളെയും ഒപ്പം നിർത്താനുള്ള സജീവശ്രമം ബിജെപി നടത്തിയിരുന്നു. നിരവധി ന്യൂനപക്ഷസമുദായങ്ങളിലെ നേതാക്കളെ ഒരുമിച്ച് നിർത്താൻ അന്ന് ബിജെപി സംസ്ഥാനപ്രസിഡന്‍റായിരുന്ന പി എസ് ശ്രീധരൻ പിള്ള പരമാവധി ശ്രമിച്ചിരുന്നതുമാണ്. 

Follow Us:
Download App:
  • android
  • ios