മാത്യു ടി. തോമസ് 1987ലാണ് തിരുവല്ലയിൽ നിന്ന് ആദ്യം നിയമസഭയിലെത്തുന്നത്. പിന്നീട് 2006, 2011, 2016, 2021 തിരഞ്ഞെടുപ്പുകളിലും വിജയിച്ചു.

കേരളത്തിന്‍റെ മധ്യതിരുവിതാംകൂറിൽ സ്ഥിതി ചെയ്യുന്ന തിരുവല്ല നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്ക് അങ്ങനെ പെട്ടെന്ന് വഴങ്ങുന്ന ഒരു മണ്ഡലമല്ല. പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുന്ന തിരുവല്ല മണ്ഡലം പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ കൂടി ഭാഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി ചിഹ്നത്തേക്കാൾ ഇവിടെ വ്യക്തിപരമായ വിശ്വാസ്യതയ്ക്കാണ് പലപ്പോഴും വോട്ട് ലഭിക്കുന്നത്. പ്രത്യേകിച്ച്, പ്രതിസന്ധി ഘട്ടങ്ങളിലെ സാന്നിധ്യം വോട്ടർമാർക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയും. 

Add Asianetnews as a Preferred SourcegooglePreferred

2006 മുതല്‍ തുടര്‍ച്ചയായി എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജെഡിഎസിലെ മാത്യു ടി. തോമസാണ് ഇവിടത്തെ എംഎല്‍എ. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്‍റായ മാത്യു ടി.തോമസ് എം.എൽ.എ ഇത്തവണയും തിരുവല്ല അസംബ്ലി മണ്ഡലത്തിൽ പോരിനിറങ്ങുന്നുണ്ട്. മാത്യു ടി. തോമസ് 1987-ലാണ് തിരുവല്ലയിൽ നിന്ന് ആദ്യം നിയമസഭയിലെത്തുന്നത്. പിന്നീട് 2006, 2011, 2016, 2021 തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. യുഡിഎഫിന്‍റെ അഡ്വ. വര്‍ഗീസ് മാമ്മന്‍, എന്‍ഡിഎയുടെ അനൂപ് ആന്‍റണി എന്നിവരാണ് മാത്യു ടി. തോമസിന്‍റെ ഇത്തവണത്തെ എതിരാളികള്‍.

വെള്ളപ്പൊക്ക നിവാരണം, നദീതട സംരക്ഷണം

ഏത് മുന്നണി എന്നതിലുപരി ഇവിടെ ഭരണമികവിനും സാമുദായിക സന്തുലിതാവസ്ഥയ്ക്കുമാണ് വോട്ടര്‍മാര്‍ പ്രാധാന്യം നൽകുന്നത്. ഇവിടെ മഴക്കാലത്തെ വെള്ളപ്പൊക്കം വീടുകൾക്കും കൃഷിയിടങ്ങൾക്കും ഗതാഗതത്തിനും വലിയ ഭീഷണി ഉയർത്താറുണ്ട്. പ്രളയ നിയന്ത്രണവും നദീതട മാനേജ്‌മെന്റുമാണ് വോട്ടർമാരുടെ പ്രധാന ആശങ്ക. വെള്ളപ്പൊക്ക നിവാരണം, നദീതട സംരക്ഷണം, റോഡ് വികസനം എന്നിവയാണ് പ്രധാന രാഷ്ട്രീയ മുൻഗണനകൾ. പ്രളയകാലത്തോ ആരോഗ്യ അടിയന്തരാവസ്ഥകളിലോ നേതാക്കൾ എങ്ങനെ ഇടപെടുന്നു എന്നത് ഇവിടത്തെ വോട്ടര്‍മാര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നു. സ്ഥാനാർത്ഥിയുടെ മുൻകാല പ്രവർത്തനങ്ങൾ വോട്ടർമാർ കൃത്യമായി വിലയിരുത്തിയാകും വോട്ട് നല്‍കുക.

സാമുദായിക സമവാക്യങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും

ശക്തമായ ക്രൈസ്തവ സഭകളുടെ സാന്നിധ്യവും ഹൈന്ദവ സമുദായങ്ങളുടെ സ്വാധീനവും മണ്ഡലത്തിന്റെ പ്രത്യേകതയാണ്. തിരുവല്ലയിലെ സാമൂഹിക ഘടനയും സാമുദായിക സമവാക്യങ്ങളും മണ്ഡലത്തിന്റെ രാഷ്ട്രീയത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നു. സിറിയൻ ക്രിസ്ത്യൻ വിഭാഗങ്ങൾ, പ്രത്യേകിച്ച് ഓർത്തഡോക്സ്, മാർത്തോമ, കത്തോലിക്കാ സഭകൾക്ക് ഇവിടെ വലിയ സ്വാധീനമുണ്ട്. പള്ളികൾ ഇവിടെ മതപരമായ ഇടങ്ങൾ എന്നതിലുപരി വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സമവായങ്ങൾ എന്നിവയുടെ കേന്ദ്രങ്ങൾ കൂടിയാണ്. ക്രൈസ്തവ വോട്ടർമാർ പരമ്പരാഗതമായി യുഡിഎഫിനോട് ആഭിമുഖ്യം പുലർത്താറുണ്ടെങ്കിലും സമീപകാലത്തെ വിഷയങ്ങള്‍ രാഷ്ട്രീയ നിലപാടുകള്‍ മാറുന്നതിലേക്ക് ഇവരെ എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്രിസ്ത്യന്‍ വോട്ടുകള്‍ ഇവിടെ നിര്‍ണയാകമാണ്. സഭയ്ക്കുള്ളിലെ വിവിധ വിഭാഗങ്ങൾ ഒരേ രാഷ്ട്രീയ നിലപാടല്ല സ്വീകരിക്കുന്നത് എന്നത് രാഷ്ട്രീയ പാർട്ടികൾക്ക് വെല്ലുവിളിയാണ്. 

2021-ലെ ഫലം 

എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജെഡിഎസിലെ മാത്യു ടി തോമസ് മണ്ഡലം നിലനിർത്തി. ഏകദേശം 63,500 വോട്ടുകൾ അദ്ദേഹം നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കുഞ്ഞ് കോശി പോളിന് 52,400 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 11,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാത്യു ടി തോമസിന് ലഭിച്ചത്. ബിജെപിക്ക് ഇവിടെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മാത്യു ടി. തോമസ്

1987-ലാണ് മാത്യു ടി. തോമസ് തിരുവല്ലയിൽ നിന്ന് ആദ്യം നിയമസഭയിലെത്തുന്നത്. അന്ന് 25 വയസ്സ് മാത്രമായിരുന്നു മാത്യു ടി. തോമസിന്റെ പ്രായം. പിന്നീട് 2006, 2011, 2016, 2021 തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ ഗതാഗതവകുപ്പും ആദ്യ പിണറായി മന്ത്രിസഭയിൽ രണ്ടരവർഷം ജലവിഭവ വകുപ്പ് മന്ത്രിയുമായി. ഇത്തവണയും മാത്യു ടി. തോമസ് സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങുകയാണ്. എന്താകും തിരുവല്ലയുടെ വിധിയെന്ന് കാത്തിരുന്ന് കാണാം.