കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സ്വര്‍ണക്കടത്ത്, സ്പ്രിംക്ലര്‍, ബെവ്കോ ആപ്പ്, ഇ മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മുഖ്യമന്ത്രിയും എം ശിവശങ്കര്‍ ഐഎഎസും ആരോപണ വിധേയരായ ഇടപാടുകളെക്കുറിച്ച് സിബിഐ, എന്‍ഐഎ, കസ്റ്റംസ് എന്നിവ പൊലീസിന്‍റെ സഹകരണത്തോടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 

എത്രയും വേഗത്തിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും ഈ ഇടപാടുകള്‍ ദേശീയ സുരക്ഷയ്ക്ക് പോലും ഭീഷണിയാണ് എന്നുമാണ് ഹര്‍ജിയിലെ ആരോപണം. ഹൈക്കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമേ അത്തരമൊരു അന്വേഷണം നടക്കുകയുള്ളൂ എന്നും ഹര്‍ജിയില്‍ പറയുന്നു.

കേസ് എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ആലപ്പുഴ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ മൈക്കിള്‍ വര്‍ഗ്ഗീസാണ് അഡ്വ. മാത്യു നെടുമ്പാറ വഴി ഹര്‍ജി നല്‍കിയത്.