തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. പുനരധിവാസ പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

മരട് ഫ്ലാറ്റ് കേസിലെ കോടതി ഉത്തരവ് സംബന്ധിച്ച വിവരങ്ങൾ ചീഫ് സെക്രട്ടറി മന്ത്രിസഭയിൽ അറിയിച്ചു. സര്‍ക്കാരിനെതിരെ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങളും ഇനി സ്വീകരിക്കേണ്ട നടപടികളെന്തൊക്കെ എന്നതു സംബന്ധിച്ച വിവരങ്ങളും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. ഈ വിവരങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്യുകയായിരുന്നു.

ഫ്ലാറ്റ് പൊളിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ സര്‍ക്കാരിനു മുമ്പിലില്ലെന്ന നിഗമനത്തില്‍ യോഗം എത്തി.  മൂന്നുമാസത്തിനുള്ളില്‍ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കും. ഫ്ളാറ്റ് പൊളിക്കുന്നതു സംബന്ധിച്ചുള്ള കര്‍മ്മപദ്ധതി കോടതിയെ അറിയിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഉടമകള്‍ക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ഫ്ലാറ്റ് പൊളിക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ രൂപരേഖയും സര്‍ക്കാര്‍ തയ്യാറാക്കും. 

ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനുള്ള തീരുമാനം ചീഫ് സെക്രട്ടറി ഡിജിപിയെ അറിയിക്കും. ഇക്കാര്യം അദ്ദേഹം കൊച്ചി കമ്മീഷണര്‍ക്ക് കൈമാറും. അതനുസരിച്ച് നിര്‍ദ്ദിഷ്ട പൊലീസ് സ്റ്റേഷനുകളില്‍ ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുക്കും. 

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെയാണെങ്കിലും നിര്‍മ്മാണത്തിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച വന്നെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെയും കേസും നടപടിയുണ്ടാകും. 

അതേസമയം,  ഫ്ലാറ്റുകള്‍ പൊളിക്കാന്‍ വേണ്ടി മരട് മുന്‍സിപ്പല്‍ സെക്രട്ടറിയുടെ അധികച്ചുമതല നല്‍കി സര്‍ക്കാര്‍ നിയോഗിച്ച ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ചുമതലയേറ്റു. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ നിയോഗിച്ച കളക്ടര്‍ ചുമതലയേറ്റു

ഉടമകളുടെ കടുത്ത പ്രതിഷേധത്തിനിടയിലും ഫ്ലാറ്റുകളിലെ വെള്ളം, പാചകവാതകം, വൈദ്യുതി കണക്ഷനുകള്‍ റദ്ദ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഈ മാസം 27നകം നടപടിയെടുക്കണമെന്നാണ് നഗരസഭ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

Read Also: വൈദ്യുതി വിച്ഛേദിക്കാന്‍ നോട്ടീസ് നല്‍കി;മരട് ന​ഗരസഭക്കെതിരെ പ്രതിഷേധം ശക്തം