കരിഞ്ഞുണങ്ങി നെൽകൃഷി നാമവശേഷമായ പാടങ്ങൾ കുട്ടനാട്ടിൽ നിത്യ കാഴ്ചയായിരിക്കുകയാണ്. കതിരണിഞ്ഞ് കൊയ്യാറായപ്പോഴാണ് നെല്ല് പതിരായത്

കുട്ടനാട്: വേനൽ കനത്തതോടെ അപ്പര്‍ കുട്ടനാട്ടിലെ നെൽപ്പാടങ്ങൾ കരിഞ്ഞുണങ്ങി. പാടങ്ങളിൽ വെള്ളമെത്തിക്കാൻ നടപടിയുണ്ടാകാതെ വന്നപ്പോൾ കടക്കെണിയിലായ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. പ്രളയത്തിൽ തകര്‍ന്ന കനാലുകൾ നവീകരിക്കാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.

ചെങ്ങന്നൂര്‍ കീഴ്‍വൻവഴി പാടശേഖരം പോലെ കരിഞ്ഞുണങ്ങി നെൽകൃഷി നാമവശേഷമായ പാടങ്ങൾ കുട്ടനാട്ടിൽ നിത്യ കാഴ്ചയായിരിക്കുകയാണ്. കതിരണിഞ്ഞ് കൊയ്യാറായപ്പോഴാണ് നെല്ല് പതിരായത്. ഇതോടെ ഇത്തവണത്തെ കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചു.

പമ്പ നദിയിൽ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും പാടശേഖരങ്ങളിലേക്ക് വെള്ളമെത്തേണ്ട കനാലുകൾ കാട് പിടിച്ച് കിടക്കുന്നു. എക്കലും മണലും അ‍ടിഞ്ഞ് പ്രളയത്തിൽ തകര്‍ന്ന കനാലുകളുടെ നവീകരണം ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. ചെറുകിട ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളിലെ മോട്ടോറും പമ്പ് സെറ്റും പ്രളയത്തിൽ നശിച്ചതും കർഷകർക്ക് കനത്ത തിരിച്ചടിയായി.